ആറ്റിങ്ങൽ: ഡ്രൈവിംഗ് പഠനത്തിനിടെ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് മറിഞ്ഞു. വശത്തെ കാടുമൂടിയ ഭാഗത്ത് തട്ടി നിന്നതിനാൽ യാത്രക്കാരായ ഇടയ്‌ക്കോട് സ്വദേശികളായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. മാമം പാലത്തിൽ നിന്നും പന്തലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ആൾട്ടോ കാറാണ് 15 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിഞ്ഞത്. ദമ്പതികൾ ഡോർ തകർത്താണ് പുറത്തിറങ്ങിയത്. കാർ ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. മാമം പാലം മുതൽ പന്തലക്കോട് വരെ റോഡിൽ സുരക്ഷാ ഭിത്തിയില്ലാത്തതാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. മുൻപും ഈ ഭാഗങ്ങളിൽ സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.