തിരുവനന്തപുരം:ലോക നഴ്സിംഗ് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കൊവിഡ്- 19 ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള പോഷകാഹാര കിറ്റ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി മണക്കാട് രാജേഷ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പത്മലതയ്ക്ക് കൈമാറി. യു.കെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകവും ഒ.ഐ.സി.സി യു.കെയും നടത്തിവരുന്ന മേക്ക് എ ഹെൽത്ത് വർക്കർ സ്മൈൽ ചലഞ്ചിന് പിന്തുണയറിയിച്ചാണ് ഗവ: ജനറൽ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്കുള്ള കിറ്റ് കൈമാറിയത്. ഇന്ദിരാഭവനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാറും മണക്കാട് സരേഷും പഴകുളം മധുവും ചേർന്നാണ് ആശുപത്രിയിൽ നൽകാനുള്ള കിറ്റുകൾ കൈമാറിയത്. ഡി.സി.സി ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ കാരിയത്ത്, അഡോൾഫ് ജെറോം, സി. രാമചന്ദ്രൻ നായർ, ശംഭു പാൽ കുളങ്ങര, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.