kovalam

കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനായി ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന ജിയോ സെൽ പാതയുടെ നിർമ്മാണം ലോക്ക് ഡൗണിൽ മുടങ്ങി. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും നിർമ്മാണസാമഗ്രികൾ കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പദ്ധതി വൈകാൻ കാരണം. നഗരസഭയുടെ മുല്ലൂർ വാർഡിലെ കലുങ്ക് ജംഗ്ഷൻ മുതൽ ബൈപാസുമായി ബന്ധിപ്പിക്കുന്നതുവരെ ചതുപ്പു പ്രദേശമായതിനാലാണ് ജിയോ ടെക്‌സ്റ്റൈൽ, ജിയോ സെൽ എന്നിവ ഉപയോഗിച്ചുള്ള നിർമ്മിതി തുടങ്ങിയത്. തുറമുഖ കവാടം മുതൽ ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ റോഡ് ചതുപ്പുനിലങ്ങളിലെ വെള്ളക്കെട്ട് കാരണം ഭാവിയിൽ റോഡ് തകരാതിരിക്കാനാണ് ഈ സംവിധാനമെന്ന് അധികൃതർ പറഞ്ഞു. എറണാകുളം ആസ്ഥാനമായുള്ള ജെ.വി.ജെ കമ്പനിക്കാണ് നിർമ്മാണ ചുമതല. തുറമുഖ റോഡ് കടന്നുപോകുമ്പോൾ നിലവിലുള്ള വിഴിഞ്ഞം - പൂവാർ റോഡിലെ കലുങ്ക്നട ജംഗ്ഷൻ റോഡുകളെ ബന്ധിപ്പിക്കുന്ന തിരക്കുള്ള തുറമുഖ ജംഗ്ഷനായി മാറും. തുറമുഖ ഓഫീസ്, കണ്ടെയ്‌നർ യാർഡ്, ടെർമിനൽ നിർമ്മാണം, ആധുനിക മത്സ്യബന്ധന തുറമുഖം, സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങൾ എന്നിവയെല്ലാം ലോക്ക് ഡൗണിനെ തുടർന്ന് പാതിവഴിയിലാണ്‌.

ജിയോ സെൽ റോഡിന്റെ പ്രത്യേകതകൾ
------------------------------------------------------------

 ഇത്തരം റോഡുകൾക്ക് അറ്റകുറ്റപ്പണികൾ കുറവ്

 തീപിടിത്തമുണ്ടായാൽ മാത്രമേ ജിയോസെൽ നശിക്കുകയുള്ളൂ

 ചരക്കു വാഹനങ്ങൾ കയറിയാലും റോഡിന് കുലുക്കമുണ്ടാകില്ല

 റോഡിന്റെ മീഡിയനിൽ മാൻഹോളുകൾ നിർമ്മിക്കും

 തുറമുഖത്തേക്കുള്ള 220 കെ.വി വൈദ്യുതി ലൈനുകൾ

ഈ റോഡിന് ഒരു ഭാഗത്തൂടെ കടന്നുപോകും

ജിയോ സെൽ റോഡിനെക്കുറിച്ച്
----------------------------------------------------------

പരിസ്ഥിതിക്ക് ദോഷമില്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാണ് ജിയോ സെല്ലുകൾ നിർമ്മിക്കുന്നത്. അടിസ്ഥാനമൊരുക്കി ഭൂമിയിൽ ആദ്യം ജിയോ ടെക്‌സ്റ്റൈൽ വിരിക്കും. മുകളിൽ അറകളോടു കൂടിയ ജിയോ സെൽ സ്ഥാപിക്കും. അറകളിലുൾപ്പെടെ മണൽ നിറച്ച് ബലപ്പെടുത്തും. മെറ്റൽ ഉപയോഗിച്ച് അടുത്ത അടുക്കും,​ അതിനു മുകളിൽ ടാറിംഗുമാണ് നടത്തുന്നത്. മണൽ നിറയ്ക്കുന്നതിനാൽ മെറ്റൽ കുറച്ചുമതി. ചതുപ്പു നിലത്തു നിന്നു വെള്ളം പൊങ്ങിയാൽ ജിയോ സെല്ലിലെ അറകൾ വഴി ജലം മുകളിലെത്താതെ വശത്തേക്ക് ഒഴുകും.

ജിയോ സെൽ റോഡ് നിർമ്മിക്കുന്നത് 1.5 കി.മീറ്റർ

 റോഡിന് 21.5 മീറ്റർ വീതി, 4 വരി

പദ്ധതി പ്രദേശത്തു നിന്നും മുല്ലൂർ ഏലാവഴിയുള്ള തുറമുഖ റോഡ് തലക്കോട് ബൈപാസ് റോഡുമായി ബന്ധിപ്പിക്കുമ്പോൾ പ്രധാന ജലസ്രോതസുകളായ മുല്ലൂർ തേവർകുളവും തലക്കോട് വലിയവീട്ടുകുളവും നിലനിറുത്തി സംരക്ഷിക്കണം. എല്ലാ സർവീസ് റോഡുകളിൽ നിന്നും വരുന്ന യാത്രക്കാർക്കും നാട്ടുകാർക്കും ബൈപാസിലെത്തുന്നതിനുള്ള എൻട്രൻസ് ഉൾപ്പെടുത്തുകയും വേണം.

സി. ഓമന, മുല്ലൂർ വാർഡ് കൗൺസിലർ