എറണാകുളം: ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ സര്‍വീസ് നടത്താനുള്ള തയ്യാറെടുപ്പുകളില്‍ കൊച്ചി മെട്രോ. ടിക്കറ്റിംഗിന് കോണ്‍ടാക്ട് ലെസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിംഗ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ശരാശരി 175 യാത്രക്കാരെ കയറ്റിയാകും യാത്ര. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഘട്ടത്തിലും തീവണ്ടികള്‍ ഓടാന്‍ തുടുങ്ങിയ സാഹചര്യത്തിലാണ് കൊച്ചി മെട്രോയും സര്‍വ്വീസിന് തയ്യാറെടുക്കുന്നത്. ഇതിനായി കൃത്യമായ മുന്‍കരുതലുകളും ക്രമീകരണവും സജ്ജമാക്കുകയാണ് മെട്രോ.
ഇടപ്പള്ളി,കലൂര്‍ സ്റ്റേഡിയം തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിംഗ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ഒരാഴ്ച കൊണ്ട് സ്റ്റേഷനുകളില്‍ ഇത് സജ്ജമാക്കും. മറ്റു സ്റ്റേഷനുകളിലും തെര്‍മല്‍ സ്‌കാനറുകള്‍ വച്ചുള്ള പരിശോധനയുണ്ടാകും. ട്രെയിനിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ക്രമീകരിക്കും.
സര്‍വീസ് ആരംഭിക്കുമ്പോള്‍ എല്ലാ ദിവസവും ട്രെയിന്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ മാര്‍ച്ച് 20 മുതല്‍ മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചെയ്യേണ്ട അറ്റകുറ്റപ്പണികളും മറ്റും ചെയ്തു തീര്‍ക്കുന്ന തിരക്കിലായിരുന്നു കൊച്ചി മെട്രോ. റെഡ്‌സോണ്‍ അല്ലാത്ത പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ സര്‍വ്വീസ് അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.