alcohol

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനശാലകൾ തുറക്കുമ്പോൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളും മദ്യത്തിന്റെ വില വർദ്ധനയുമടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.

ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌‌ലെറ്റുകൾക്ക് പുറമെ, ബാറുകളിലൂടെയും മദ്യം കുപ്പികളായി വിൽക്കാനനുവദിച്ചുകൊണ്ട് അബ്കാരി ചട്ടം ഭേദഗതി ചെയ്യണമെന്ന ബാറുടമകളുടെ ആവശ്യവും പരിഗണിക്കാനിടയുണ്ട്. ലോക്ക് ഡൗൺ തീരുന്ന 17ന് ശേഷം മദ്യശാലകൾ തുറക്കുമ്പോൾ തിരക്ക് കുറയ്ക്കുന്നതിന്റെ പേരിലാണിത്. എന്നാൽ, ഇങ്ങനെ അനുമതി നൽകിയാൽ ചട്ടം ലംഘിച്ച് മദ്യനിർമ്മാണ കമ്പനികളിൽ നിന്ന് ബാറുടമകൾ നേരിട്ട് മദ്യം വാങ്ങി വില്പന നടത്തുമെന്ന ആശങ്കയുണ്ട്. അത് സംഭവിച്ചാൽ സർക്കാരിന്റെ നികുതി വരുമാനം കുത്തനെ ഇടിയുകയും സെക്കൻഡ്സ് മദ്യമുൾപ്പെടെ വ്യാപിക്കാനിടയാവുകയും ചെയ്യും. എക്സൈസ്, പൊലീസ് പരിശോധനകൾ ബാറുകളിൽ പേരിന് മാത്രമായതിനാൽ ഇത് കണ്ടെത്താനുമാവില്ല.

മദ്യത്തിന് 35 % വരെ നികുതി

വർദ്ധനയ്ക്ക് നിർദ്ദേശം

മദ്യത്തിന്റെ അടിസ്ഥാന വിലയിൽ പത്ത് മുതൽ 35 ശതമാനം വരെ നികുതി വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്ന കരട് ഓർഡിനൻസ് നികുതി വകുപ്പ് ഇന്ന് മന്ത്രിസഭായോഗത്തിന് മുമ്പാകെ വയ്ക്കും. ഇതംഗീകരിക്കപ്പെട്ടാൽ ബിയറിനും ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും 10 മുതൽ 80 രൂപ വരെ വില കൂടുമെന്ന് കണക്കാക്കുന്നു. വർഷം 600- 700 കോടിയുടെ അധിക വരുമാനമാണ് സർക്കാർ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. നിലവിൽ വിവിധ സെസുകളുൾപ്പെടെ 200 മുതൽ 210 ശതമാനം വരെയാണ് മദ്യത്തിന് ഈടാക്കുന്ന നികുതി.

മദ്യശാലകൾ തുറക്കുമ്പോഴത്തെ തിരക്ക് കുറയ്ക്കാൻ ഓൺലൈൻ ക്യൂ സമ്പ്രദായം ഏർപ്പെടുത്തുന്നതിന് ബിവറേജസ് കോർപറേഷൻ സ്റ്റാർട്ടപ് മിഷനെ സമീപിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടും മന്ത്രിസഭയുടെ മുന്നിലെത്തും.ലോക്ക് ഡൗൺ കാലാവധി അവസാനിച്ചാലും തുടരേണ്ട മറ്റ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും.