bed-that-can-double-as-co

ബൊഗോറ്റ : ഇപ്പോൾ കൊവിഡ് തീവ്രമായിക്കൊണ്ടിരിക്കുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ആശുപത്രി കിടക്കകളുടെയും ശവപ്പെട്ടികളുടെയും ദൗർലഭ്യം. ഇത് രണ്ടിനും ഒരൊറ്റ പരിഹാര മാർഗവുമായെത്തിയിരിക്കുകയാണ് ഒരു കൊളംബിയൻ കമ്പനി. എ.ബി.സി ഡിസ്പ്ലെ എന്ന കമ്പനിയാണ് ഒരേ സമയം കിടക്കയായും ശവപ്പെട്ടിയായും ഉപയോഗിക്കാൻ കഴിയുന്ന കണ്ടുപിടുത്തവുമായി രംഗത്തെത്തിയത്. കമ്പനി നിർമിച്ച കാർഡ്ബോർഡ് കിടക്കയിൽ രോഗിയെ ചികിത്സിക്കാം.

നിർഭാഗ്യവശാൽ രോഗിയ്ക്ക് മരണം സംഭവിച്ചാൽ കിടക്ക തന്നെ ശവപ്പെട്ടിയാക്കി മാറ്റാനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ളതായി ഡിസൈനർമാർ പറയുന്നു. അയൽരാജ്യമായ ഇക്വഡോറിൽ കൊവിഡ് ബാധിച്ച് മരിച്ചു വീഴുന്നവരെ സംസ്കരിക്കാൻ ഒരു ശവപ്പെട്ടി പോലും കിട്ടാതെ വരുന്ന ദാരുണ കാഴ്ചയാണ് തന്നെ ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് കമ്പനിയുടെ മാനേജർ റോ‌ഡൊൾഫോ ഗോമസ് പറയുന്നു. ഇക്വഡോറിലെ ഗ്വായാകിൽ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശവപ്പെട്ടിയ്ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. തങ്ങൾ നിർമിച്ച 10 കിടക്കകൾ കൊളംബിയയിലെ ആമസോണസ് ഡിപ്പാർട്ട്മെന്റിന് കൈമാറുമെന്ന് കമ്പനി പറയുന്നു. എന്നാൽ സർക്കാർ ഇവ ഉപയോഗിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതേവരെ കമ്പനിയ്ക്ക് ഇതിനായുള്ള ഓർഡറുകളും ലഭിച്ചിട്ടില്ല.

ബൊഗോറ്റ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പരസ്യ കമ്പനിയാണ് എ.ബി.സി ഡിസ്പ്ലെ. കഴിഞ്ഞ ഒരു മാസമായി കൊളംബിയയിൽ ലോക്ക്ഡൗണായതിനാൽ കമ്പനിയുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയായിരുന്നു. തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഇതേവരെ 11,613 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 479 പേർ ഇതേ വരെ മരിച്ചു. 330 പൗണ്ട് ( 150 കിലോഗ്രാം ) ഭാരം വരെ ഈ കാർഡ്ബോർഡ് കിടക്കയ്ക്ക് താങ്ങാനാകുമെന്ന് കമ്പനി പറയുന്നു. ഒരെണ്ണത്തിന് 85 ഡോളർ വീതമാണ് വില.