covid

ബെയ്ജിങ് : ചൈനയിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. കൊവിഡിൻെറ ഉത്ഭവകേന്ദ്രമായ വുഹാനിലും റഷ്യൻ അതിർത്തിക്കു സമീപമുള്ള ഷുലാൻ നഗരത്തിലുമാണ് പുതിയ രോഗബാധിതർ.

ഷുലാനിലെ സിനിമ തിയേറ്ററുകൾ, വായനശാലകൾ, കായിക കേന്ദ്രങ്ങൾ തുടങ്ങി പൊതുയിടങ്ങൾ താത്കാലികമായി അടച്ചു. പൊതുഗതാഗത സംവിധാനങ്ങൾ റദ്ദാക്കി. വീണ്ടും ഇളവുകൾ പ്രഖ്യാപിക്കുന്നതു വരെ വിദ്യാർത്ഥികൾ ഓൺലൈൻ പഠനം പുനരാരംഭിക്കാനാണ് നിർദേശം.


കൊവിഡ് മരണം ലോകത്താകെ 2,87,336 ആയി. രോഗബാധിതരുടെ എണ്ണം 42,56,053 ആണ്. 46,939 പേരുടെ നില ഗുരുതരം. 15,27,568 പേർ രോഗമുക്തരായി. റഷ്യയിൽ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,656 പേരാണ് രോഗ ബാധിതരായത്. ഇതോടെ രോഗബാധിതർ 2,21,344 ആയി. 2,009 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യ നാലാം സ്ഥാനത്താണ്.

മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും യു.എസ് തന്നെയാണ് മുന്നിൽ. യു.എസിൽ 24 മണിക്കൂറിനിടെ 17,484 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 960 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 13,85,834 രോഗികളാണുള്ളത്. ആകെ മരണം 81,795. യുകെയിൽ 32,065 മരണങ്ങളും 2,23,060 പേർക്ക് രോഗവും സ്ഥിരീകരിച്ചു. ഇറ്റലിയിൽ 30,739 പേരാണ് മരിച്ചത്. 2,19,814 പേർ രോഗബാധിതരാണ്. സ്‌പെയിനിൽ 26,744 പേർ മരിച്ചു . 2,68,143 പേർക്ക് രോഗം ബാധിച്ചു. ഫ്രാൻസിൽ 26,643 പേരും ബ്രസീലിൽ 11,653 പേരും മരിച്ചു.