editorial

കഴിഞ്ഞ മാർച്ച് 25മുതൽ ലോക്ക് ഡൗൺ വന്നതിനെത്തുടർന്ന് രാജ്യത്തിന്റെ പലയിടങ്ങളിലായി കുടുങ്ങിപ്പോയ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് അനല്പമായ ആശ്വാസം പകരുന്നതാണ് ട്രെയിൻ സർവീസുകൾ ഭാഗികമായെങ്കിലും ഇന്നു മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം.

എങ്ങനെയും അവരവരുടെ വീടുകളിൽ എത്താനുള്ള സാഹസികമായ ശ്രമത്തിനിടെ എത്രയോ പേർക്ക് ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞു. മൂന്നുദിവസം മുൻപാണ് മഹാരാഷ്ട്രയിൽ ഇത്തരത്തിൽ പതിനാറു തൊഴിലാളികൾ ചരക്കു ട്രെയിൻ ഇടിച്ച് ദാരുണമായി മരണപ്പെട്ടത്. യാത്രാവാഹനങ്ങളൊന്നും കിട്ടാതെ വന്നപ്പോൾ കാൽനടയായി മദ്ധ്യപ്രദേശിലെ സ്വന്തം നാടുകളിലേക്കു പുറപ്പെട്ടവരായിരുന്നു അവർ. ഇതുപോലെ ഈ കൊവിഡ് കാലത്ത് നിരവധി പേർ വാഹനാപകടങ്ങൾക്കും ഇരയായിട്ടുണ്ട്. ശനിയാഴ്ച രാത്രി മദ്ധ്യപ്രദേശിൽ യു.പിയിലേക്കു യാത്ര പുറപ്പെട്ട കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അഞ്ചുപേരാണ് അകാലമൃത്യുവിനിരയായത്. ഡൽഹിയിൽ നിന്ന് ബീഹാറിലേക്കു സൈക്കിളിൽ പുറപ്പെട്ട മറ്റൊരു തൊഴിലാളി ലക്‌നൗവിൽ വച്ച് അമിത വേഗത്തിൽ വന്ന ഒരു കാറിടിച്ച് മരണപ്പെടുകയും ചെയ്തു.

ഇതേപോലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്കുള്ള സാഹസികയാത്രയ്ക്കിടെ അപമൃത്യുവിനിരയാകുന്നുണ്ട്. കൈയിലുണ്ടായിരുന്ന പണം തീരുകയും കിടക്കാൻ ഇടമില്ലാതാകുകയും ചെയ്തതോടെ എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന ചിന്തയാണ് പലരെയും സാഹസിക യാത്രയ്ക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. അൻപതു ദിവസമായി തുടരുന്ന ലോക്ക് ഡൗൺ കുടിയേറ്റ തൊഴിലാളികൾക്കു മാത്രമല്ല പല കാരണങ്ങളാൽ പല ഭാഗത്തും കുടുങ്ങിപ്പോയ ലക്ഷക്കണക്കിനാളുകൾക്ക് എല്ലാ അർത്ഥത്തിലും സഹനത്തിന്റെയും യാതനയുടെയും നാളുകളാണ്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരം ഉൾപ്പെടെ പതിനഞ്ചു നഗരങ്ങളിലേക്കാണ് പ്രത്യേക സർവീസ് തുടങ്ങുന്നത്. മുൻകൂർ റിസർവ് ചെയ്യുന്നവർക്ക് മാത്രമാകും യാത്രയ്ക്ക് അവസരം. പുറപ്പെടുന്നതിന് മുൻപ് യാത്രക്കാരുടെ ആരോഗ്യ പരിശോധന ഉണ്ടാകുമെന്നാണ് അറിയിപ്പ്.

കൊവിഡ് രോഗലക്ഷണമുള്ളവരെ ട്രെയിനിൽ കയറാൻ അനുവദിക്കില്ല. ഫോണിൽ ആരോഗ്യസേതുആപ്പും മാസ്കും നിർബന്ധം. ഭക്ഷണം അവരവർ കരുതണം. പ്രത്യേക വണ്ടികൾക്ക് സ്റ്റോപ്പുകളും കുറവായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അവരുടെ നാടുകളിൽ എത്തിക്കാൻ മുന്നൂറ് 'ശ്രമിക് ട്രെയിനുകൾ" ഓടിക്കാൻ റെയിൽവേ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകൊണ്ട് ശ്രമകരമായ ഈ ദൗത്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതോടൊപ്പം തൊട്ട് അയൽ സംസ്ഥാനങ്ങളിൽ നിന്ന് നാടുകളിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി ബസ് സർവീസുകളും പരിഗണിക്കാവുന്നതാണ്. ദിവസം നീളുന്തോറും തൊഴിലും കൈയിൽ പണവും ഇല്ലാതെ നൈരാശ്യം ബാധിച്ച തൊഴിലാളികൾ പല സ്ഥലത്തും നിയമ സമാധാന പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കാണാതിരുന്നുകൂടാ. കേരളത്തിൽത്തന്നെ അന്യസംസ്ഥാനതൊഴിലാളികൾ ഏറെയുള്ള ഇടങ്ങളിൽ അവർ പലവട്ടം തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. ഞായറാഴ്ച തിരുവനന്തപുരം നഗരത്തിൽ അവരിൽ ഒരു കൂട്ടർ പൊലീസുമായി ഏറ്റുമുട്ടാൻ പോലും തയ്യാറായി. സർക്കിൾ ഇൻസ്പെക്ടർ അടക്കം ഏതാനും പൊലീസ് ഉദ്യോഗസ്ഥർക്കു സംഘർഷത്തിൽ പരിക്കുമേറ്റിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളും കൂടുതലായി നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിൽ സ്തുത്യർഹമായ നില കൈവരിക്കാൻ കഴിഞ്ഞ സംസ്ഥാനത്തിന് ഇനിയുള്ള ദിവസങ്ങളും കൂടുതൽ പരീക്ഷണത്തിന്റേതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പ്രവാസികളും അന്യനാടുകളിൽ നിന്നുള്ളവരും രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്കു മടങ്ങാവൂ എന്നാണ് നിഷ്കർഷയെങ്കിലും അത് എത്രകണ്ടു പാലിക്കുമെന്ന് ഉറപ്പാക്കാനാവില്ല. ആദ്യ ദിവസം തന്നെ എത്തിയ പ്രവാസികളിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു എന്ന വാർത്ത വിദേശത്തെ പരിശോധനയുടെ ആധികാരികതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്. അതുപോലെ തന്നെയാണ് അയൽ സംസ്ഥാനത്തു നിന്നെത്തുന്നവരുടെ കാര്യവും. പഴുതടച്ചുള്ള പരിശോധനയും നിരീക്ഷണവും പൂർവാധികം ശക്തമാക്കണമെന്ന സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്. നേരിയ ഉദാസീനത സംഭവിച്ചാൽ പോലും പ്രത്യാഘാതം അതീവ മാരകമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ല. അൻപതു ദിവസം കൊണ്ട് സംസ്ഥാനത്ത് കൊവിഡിനെ ഏതാണ്ടു പിടിച്ചുകെട്ടാൻ സാധിച്ചത് സർക്കാരും ആരോഗ്യപ്രവർത്തകരും പൊലീസ് സേനയുമൊക്കെ എണ്ണയിട്ട യന്ത്രം പോലെ ഒറ്റൊറ്റ മനസ്സോടെ പ്രയത്നിച്ചതു കൊണ്ടാണ്. എന്നാൽ ഇന്ത്യയിലെ മറ്റിടങ്ങളിലെ സ്ഥിതി ഇപ്പോഴും ഏറെ ഭീതിയും ഉത്‌ക്കണ്ഠയും പകരുന്നതാണ്. ഓരോ ദിവസവും പുതിയ കൊവിഡ് രോഗികൾ മൂവായിരത്തിലധികം എന്ന തോതിലാണ് പെരുകിക്കൊണ്ടിരിക്കുന്നത്. മരണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്ര പിടിച്ചാൽ പിടികിട്ടാത്ത നിലയിലേക്കു വീണുകൊണ്ടിരിക്കുകയാണെന്ന് സ്ഥിതിവിവരങ്ങൾ സൂചിപ്പിക്കുന്നു.

ഗുജറാത്ത്, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികൾ കൂടിക്കൊണ്ടിരിക്കുന്നു. കേരളം ഉൾപ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് ആശ്വാസ തീരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഗതാഗത മാർഗങ്ങൾ തുറക്കുകയും പല കേന്ദ്രങ്ങളിൽ നിന്നായി പ്രവാസികൾ കൂട്ടമായി എത്തുകയും ചെയ്യുമ്പോൾ രോഗവ്യാപനം പുതിയ ഘട്ടത്തിലേക്ക് കടക്കാനുള്ള സാദ്ധ്യത മുന്നേ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ പതിന്മടങ്ങു ശക്തമാക്കാൻ നടപടികൾ ഉണ്ടാകണം. ചെറിയൊരു ഉപേക്ഷ പോലും ഇതുവരെ സൃഷ്ടിച്ച നേട്ടങ്ങൾ അപ്പാടെ ഒലിച്ചുപോകാൻ കാരണമാകരുത്. ഇന്നുമുതൽ ഓടുന്ന പ്രത്യേക ട്രെയിനുകളിൽ ഒരു ബോഗിയിൽ 72-നു പകരം 54 യാത്രക്കാർക്ക് മാത്രമാകും ഇടം നൽകുന്നത്. സുരക്ഷിത അകലം പാലിക്കാൻ വേണ്ടിയാണിത്. ഇത്തരത്തിലുള്ള കരുതൽ യാത്രയുടെ എല്ലാ ഘട്ടത്തിലും ഉറപ്പുവരുത്താനാകണം. രോഗസ്ഥിതി മറച്ചുവച്ച് യാത്രയ്ക്ക് ആരും തയ്യാറാകരുത്. അത് സമൂഹത്തോടു കാണിക്കുന്ന വലിയ ദ്രോഹമാകും. നാടണയാനുള്ള തിടുക്കവും ഉത്‌ക്കണ്ഠയും ദൂരദിക്കുകളിൽ കുടുങ്ങിപ്പോയവർക്കു സ്വാഭാവികമായും ഉണ്ടാകും. അതു പക്ഷേ സുരക്ഷാ ഏർപ്പാടുകളെ തകിടം മറിക്കുന്ന വിധത്തിലായിക്കൂടാ. കൊവിഡ് ഭീഷണി ഇനിയും മാസങ്ങൾ തന്നെ നീണ്ടുനിന്നേക്കാമെന്ന വിദഗ്ദ്ധന്മാരുടെ മുന്നറിയിപ്പു മുന്നിലുള്ളപ്പോൾ രോഗപ്രതിരോധത്തിൽ ഇതിനകം കൈവരിച്ച നേട്ടങ്ങൾ നിലനിറുത്താനാകണം എല്ലാ ശ്രമവും. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവു വന്നതോടെ എല്ലാം പഴയ പടി എന്നു ധരിച്ച് പഴയ ജീവിതക്രമത്തിലേക്കു കുതിക്കാനൊരുങ്ങുന്നവർ ധാരാളമുണ്ട്. കൂടുതൽ നിയന്ത്രണങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കുമാകും വീണ്ടുവിചാരമില്ലാത്ത ഇത്തരം പ്രവൃത്തികൾ സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുക എന്ന കാര്യം മറക്കരുത്.