fake-news

ഒരു രാജ്യത്ത് എത്രത്തോളം മാദ്ധ്യമ സ്വാതന്ത്ര്യമുണ്ട് എന്നത് എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. എന്നാൽ, ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടത് 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മാത്രമാണ്. അക്കാലത്തു വിദ്യാർഥികളായ ഞങ്ങൾ പത്രങ്ങളുടെ സെൻസർഷിപ്പിനെതിരെ സത്യഗ്രഹം നടത്തിയിരുന്നു. അതിന് 1975 ഡിസംബർ 11ന് അറസ്റ്റ് ചെയ്യുകയും 1977 ജനുവരി 26ന് എല്ലാ രാഷ്ട്രീയ തടവുകാരെയും പുറത്തുവിടുന്നതുവരെ ജയിലിൽ ഇടുകയും ചെയ്തു.

അക്കാലത്തു നിലവിലുണ്ടായിരുന്ന ഏക നിയമം സെൻസർഷിപ്പായിരുന്നു! ഓരോ പത്രവും അടുത്ത ദിവസം പ്രസിദ്ധീകരിക്കാൻ പോകുന്ന വാർത്തകൾ പരിശോധിക്കാൻ ഓരോ ഗവൺമെന്റ് ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. 18 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയ്‌ക്കെതിരെ ദശലക്ഷക്കണക്കിനു പേർ പൊരുതിയെങ്കിലും പത്ര​മാദ്ധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഇത് ഇരുണ്ട കാലമായിരുന്നു. 1977ൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട ഉടൻ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച ജനതാ പാർട്ടി രൂപീകരിച്ച ഗവൺമെന്റ് കൈക്കൊണ്ട പ്രഥമ തീരുമാനം പത്ര​മാധ്യമ സ്വാതന്ത്ര്യം പൂർണമായും പുനഃസ്ഥാപിക്കാനായിരുന്നു. അടുത്തിടെ വ്യാജ വാർത്തകൾ പുറത്തുവിടാനുള്ള ത്വരയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളിൽ ആശയക്കുഴപ്പവും അസ്വസ്ഥതയും സൃഷ്ടിക്കാനും ബോധപൂർവമായ ശ്രമം ഉണ്ടാവുന്നുണ്ട്. ലോക്ഡൗൺ കാലത്ത് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റർ, ഫേസ് ബുക്ക്, വാട്സാപ് തുടങ്ങിയവ വഴിയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതു വർദ്ധിച്ചതായി കാണുന്നു. ഈ ശാപം ഇല്ലാതാക്കുന്നതിനായി പി.ഐ.ബിയിൽ ഞങ്ങൾ 'വസ്തുതാ അന്വേഷണ യൂണിറ്റ്' (ഫാക്ട് ചെക്ക് യൂണിറ്റ് ) സ്ഥാപിക്കുകയും അതു വ്യാജ വാർത്തകൾ യഥാസമയം കണ്ടെത്തുകയും ഒട്ടും വൈകാതെ തിരിച്ചടി നൽകുകയും ചെയ്യാൻ തുടങ്ങി. പല ടിവി ചാനലുകൾക്കും അച്ചടി മാദ്ധ്യമ ങ്ങൾക്കും തെറ്റായ വാർത്ത പിൻവലിക്കുകയും പ്രേക്ഷകർക്കും വായനക്കാർക്കും മുൻപിൽ ശരിയായ വാർത്ത അവതരിപ്പിക്കുകയും തെറ്റായ വാർത്ത നൽകിയതിനു ക്ഷമാപണം ചോദിക്കുകയും ചെയ്യേണ്ടതായി വന്നു. എനിക്കു ചോദിക്കാനുള്ള ലളിതമായ ചോദ്യം വ്യാജവാർത്തയുമായി ചുറ്റിക്കറങ്ങുന്നതു ശരിയാണോ എന്നാണ്. ലളിതമായ ഉത്തരമാകട്ടെ, ' ഇല്ല, അതു പറ്റില്ല' എന്നാണ്. ഒരു വ്യാജ വാർത്തയ്ക്ക് ട്വിറ്ററിൽ തുടക്കം കുറിച്ചത് ഒരു പ്രശസ്ത അഭിഭാഷകനാണ്. കുടുംബത്തിനു ഭക്ഷണമില്ലാത്തതിനാൽ ഉത്തർപ്രദേശിൽ ഒരു സ്ത്രീ തന്റെ അഞ്ചു മക്കളെ ഗോമതി പുഴയിലെറിഞ്ഞു എന്നതായിരുന്നു അത്. പക്ഷേ, വസ്തുതയെന്തെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് അവർക്ക് ആവശ്യത്തിനു ഭക്ഷണം ഉണ്ടായിരുന്നു എന്നും പാചകംചെയ്ത ഭക്ഷണം തന്നെ വീട്ടിൽ ഉണ്ടായിരുന്നു എന്നുമാണ്. ഭർത്താവുമായുള്ള തർക്കത്തെത്തുടർന്നാണ് അത്തരമൊരു കടുംകൈക്ക് അവർ മുതിർന്നത്.അഹമ്മദാബാദിലെ ഒരു ആശുപത്രിയിൽ രോഗികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു എന്നതായിരുന്നു ഒരു ട്വിറ്റർ അക്കൗണ്ടിൽനിന്നു പ്രചരിപ്പിക്കപ്പെട്ട മറ്റൊരു വ്യാജ വാർത്ത. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു വ്യാജവാർത്ത മുംബയിലെ ബാന്ദ്ര സ്റ്റേഷനിൽ കുടിയേറ്റ തൊഴിലാളികളും ക്രമസമാധാന സംഘവും തമ്മിൽ ഏറ്റുമുട്ടലോളം എത്തിച്ചു. കുടിയേറ്റ തൊഴിലാളികൾക്കു പ്രത്യേക തീവണ്ടി ഉണ്ടാകുമെന്ന വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ഏറെ കുടിയേറ്റ തൊഴിലാളികൾ ബാന്ദ്ര സ്റ്റേഷനിൽ തടിച്ചുകൂടിയത്. കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ ശ്രമങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായി ഊഹാപോഹങ്ങൾ വാർത്തകളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 'റേഷൻ ഷോപ്പുകൾ വഴി രണ്ടു ശതമാനം ദരിദ്രർക്കു മാത്രം ഭക്ഷണം', 'റേഷൻ കടകളിൽ സാധനങ്ങൾ ഇല്ല', 'ഗവൺമെന്റ് ജീവനക്കാരുടെ 30 ശതമാനം ശമ്പളവും പെൻഷനും പിടിക്കും', 'ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗവൺമെന്റ് ആയിരം രൂപ തരും', 'ജൂൺ അവസാനം വരെ ഗവൺമെന്റ് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും', 'ഒക്ടോബർ വരെ ഹോട്ടലുകൾ അടഞ്ഞുകിടക്കും' തുടങ്ങിയ ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിച്ചുവന്നിരുന്നു. എന്നാൽ ഇവയെല്ലാം തെറ്റാണെന്നു കണ്ടെത്തുകയും വസ്തുതാവിരുദ്ധമെന്നു തെളിയിക്കപ്പെട്ടപ്പോൾ പിൻവലിക്കപ്പെടുകയും ചെയ്തു. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന ഭയാകനമായ മറ്റൊരു രീതിയുണ്ട്. അതു പരിഭ്രാന്തി പടർത്തുന്നു. അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഇന്ത്യ എച്ച്.സി.ക്യു. കയറ്റി അയച്ചതോടെ ഇന്ത്യയിൽ ആവശ്യത്തിന് എച്ച്.സി.ക്യു. സ്‌റ്റോക്കില്ല എന്ന വ്യാജവാർത്ത പ്രചരിക്കുന്ന സാഹചര്യമുണ്ടായി. തമിഴ്നാട് ഓർഡർ ചെയ്ത ടെസ്റ്റിങ് സംവിധാനങ്ങൾ അമേരിക്കയിലേക്ക് അയച്ചു', 'ഇഷാ ഫൗണ്ടേഷനിലുള്ള 150 വിദേശികളുടെ ടെസ്റ്റ് ഫലം പോസിറ്റീവ്', '30,000 വസ്ത്ര നിർമാണ തൊഴിലാളികൾ തമിഴ്നാട്ടിലെ തിരുപ്പൂരിൽ കുടുങ്ങി', 'മുംബൈയിൽ സമൂഹ വ്യാപനം തുടങ്ങിയതായി ബി.എം.സി. ഓഫീസർ അവകാശപ്പെട്ടു', 'ജമ്മു​കശ്മീരിൽ മരുന്നുക്ഷാമം', 'മണിപ്പൂരിലെ ചുര ചന്ദ്പൂർ ജില്ലയിൽ റേഷനില്ല' തുടങ്ങിയ വ്യാജവാർത്തകളും വന്നു. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ അതിനിന്ദ്യമായ ആസൂത്രണമുണ്ട്. ഹിമാചൽ പ്രദേശിൽനിന്നു വന്ന ഒരു വ്യാജ വാർത്ത പാൽ വിതരണം ചെയ്യുന്ന മുസ്ലിം ഗുജ്ജറുകൾക്കു പ്രവേശനം നിഷേധിച്ചു എന്നാണ്. മണിപ്പൂരിലെ താമെൻലോങ് ജില്ലാ ആശുപത്രിയിൽ ജീവനക്കാരോ സംവിധാനങ്ങളോ ഇല്ലെന്നു വാർത്ത പ്രചരിച്ചു. ഇതൊക്കെ തീർത്തും തെറ്റാണെന്നു തെളിയിക്കപ്പെട്ടു. 'വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിനു ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്'. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ വ്യാജ വാർത്തകളുടെ പ്രചാരണം അനുവദിക്കാൻ നമുക്കു സാധിക്കില്ല.

വ്യാജവാർത്തകളുടെ ചില സാമ്പിളുകൾ

1.റേഷൻ ഷോപ്പുകൾ വഴി രണ്ടു ശതമാനം ദരിദ്രർക്കു മാത്രം ഭക്ഷണം

2.റേഷൻ കടകളിൽ സാധനങ്ങൾ ഇല്ല

3.. ഗവൺമെന്റ് ജീവനക്കാരുടെ 30 ശതമാനം ശമ്പളവും പെൻഷനും പിടിക്കും

4.. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗവൺമെന്റ് ആയിരം രൂപ തരും

5..ജൂൺ അവസാനം വരെ ഗവൺമെന്റ് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കും

6..ഒക്ടോബർ വരെ ഹോട്ടലുകൾ അടഞ്ഞുകിടക്കും

7..ഇഷാ ഫൗണ്ടേഷനിലുള്ള 150 വിദേശികളുടെ ടെസ്റ്റ് ഫലം പോസിറ്റീവ്

(ലേഖകൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രിയാണ്)