വിദ്യാർത്ഥി പ്രസ്ഥാനത്തിൽ തുടങ്ങി ജനത - സോഷ്യലിസ്റ്റ് രാഷ്ട്രീയങ്ങളിൽ ദേശീയ തലം വരെ വളർന്ന തമ്പാൻ തോമസിന്റെ ജീവിതത്തിന് എൺപതിന്റെ ധന്യത. സമരങ്ങളിലൂടെ ഭരണക്കാരെ വിറപ്പിക്കാൻ പാകത്തിൽ സ്വതന്ത്ര വിദ്യാർത്ഥി സംഘടന (ഐ.എസ്.ഒ)യെ രൂപപ്പെടുത്തുന്നതിൽ തമ്പാൻ തോമസിനെ പോലുള്ളവർ നൽകിയ നേതൃപരമായ സംഭാവന വിലപ്പെട്ടതാണ്. ചടുലമായ പ്രവർത്തനശൈലിയും ആർജവമുള്ള പ്രഭാഷണ പാടവും കൊണ്ട് പൊതുവേദികളിൽ യുവത്വത്തിന്റെ പ്രസരിപ്പാണ് തമ്പാൻ തോമസിന്. നാഷണൽ കൺസ്യൂമർ ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവിയിലിരുന്നപ്പോൾ മുകേഷ് അംബാനിയുടെ പിതാവും വ്യവസായ പ്രമുഖനുമായ ധീരുഭായി അംബാനിയോട് കൈക്കൊണ്ട കർക്കശമായ നിലപാട് തമ്പാൻ തോമസെന്ന കലർപ്പില്ലാത്ത സോഷ്യലിസ്റ്റ് ചിന്താഗതിക്ക് ഉദാഹരണം. അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ് നേതാക്കൾ ജയിൽവാസമനുഷ്ഠിക്കുമ്പോഴായിരുന്നു പ്രതിപക്ഷത്തെ മുഖ്യ പാർട്ടികൾ ലയിച്ച് ഒറ്റ പാർട്ടിയാകണമെന്ന അഭിപ്രായം ജയപ്രകാശ് നാരായണൻ മുന്നോട്ടുവച്ചത്. ഇതിനെതിരെ, അന്ന് വിയൂർ ജയിലിലായിരുന്ന അരങ്ങിൽ ശ്രീധരനും തമ്പാൻ തോമസും ശബ്ദമുയർത്തിയതും സോഷ്യലിസ്റ്റ് പാർട്ടി പിരിച്ചുവിടരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതും ശ്രദ്ധേയം. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ ഊർജ്ജം ഉൾക്കൊള്ളുന്ന സോഷ്യലിസ്റ്റുകളുടെ സ്വാഭാവ സവിശേഷത തമ്പാൻ തോമസിലും കാണാം. അടിയന്തരവാസ്ഥകാലത്ത് പ്രലോഭനങ്ങൾക്കു വഴങ്ങി പലരും ജയിലഴികളിൽ നിന്ന് പുറത്തുവന്നപ്പോഴും സ്വാതന്ത്ര്യത്തിന്റെ സൂര്യോദയം കാണുന്നതുവരെ, ഇരുമ്പഴികൾക്കുള്ളിൽ കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. എച്ച്.എം.എസിന്റെ ദേശീയ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ശോഭിച്ച തമ്പാൻ തോമസ് സംഘടനയെ സുശക്തമായ തൊഴിലാളി പ്രസ്ഥാനമായി വളർത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. പ്രഭാഷകൻ, എഴുത്തുകാരൻ, സഹകാരി തുടങ്ങി സ്പർശിച്ച മേഖലകളിലൊക്കെയും സോഷ്യലിസത്തിന്റെ കൈയൊപ്പു ചാർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എൺപതു തികഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇപ്പോഴും യൗവനം.