സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ 85 ാം വാർഷികദിനം ഇന്ന് ഫ്യൂഡൽ മാടമ്പി ഭരണത്തിനെതിരെ തിരുവിതാംകൂറിലെ അവശ പിന്നാക്ക ജനവിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച നിവർത്തനപ്രക്ഷോഭത്തിന്റെ വിജയത്തിലേക്കുള്ളചുവടുവെയ്പായിരുന്നു എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരുവിതാംകൂർ സംയുക്തരാഷട്രീയസമിതി നേതാവുമായിരുന്ന സികേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗം. 1935 മേയ് 13ന് ക്രൈസ്തവ മഹാസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൗരസമത്വയോഗത്തിൽ അദ്ധ്യക്ഷം വഹിച്ചുകൊണ്ട് സികേശവൻ നടത്തിയ സിംഹഗർജ്ജനമാണ് പിന്നീട് തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഗതിതന്നെ മാറ്റി മറിച്ചത്. സർക്കാരിനും വിശേഷിച്ച് മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന സർ.സി.പി. രാമസ്വാമി അയ്യർക്കുമെതിരായ 'കേശവഗർജനം' ഭരണസിരാകേന്ദ്രത്തിൽ അസ്വസ്ഥതയുടെ വിത്തുപാകി. രണ്ടര വർഷത്തോളമായി രാജ്യത്ത് നടന്നുവരുന്ന നിവർത്തന പ്രക്ഷോഭത്തോട് സർക്കാർ പുലർത്തുന്ന നിഷേധാത്മക സമീപനങ്ങൾക്കുള്ള ശക്തമായ താക്കീത് കൂടിയായിരുന്നു കോഴഞ്ചേരിയിൽ മുഴങ്ങിയത്.അതാകട്ടെ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള നിർണായക വഴിത്തിരിവുമായി. ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലിലേക്കും ശ്രീമൂലം അസംബ്ലിയിലേക്കുമുള്ള തിരഞ്ഞെടുപ്പിലെ വോട്ടവകാശം കരം കെട്ടിയിരുന്നവർക്ക് മാത്രമായിരുന്നു. 25 രൂപ കരം കെട്ടുന്നവർക്കായിരുന്നു സ്റ്റേറ്റ് കൗൺസിലിലേക്ക് വോട്ട് ചെയ്യാൻ യോഗ്യത ഉണ്ടായിരുന്നത്.നഗരത്തിൽ മൂന്നുരൂപയും നാട്ടിൻപുറങ്ങളിൽ 5 രൂപയും കരം കെട്ടുന്നവർക്ക് ശ്രീമൂലം അസംബ്ലിയിലും വോട്ടവകാശമുണ്ടായിരുന്നു.ഈഴവർ,ക്രൈസ്തവർ,മുസ്ലീം തുടങ്ങിയ ജനവിഭാഗങ്ങളിൽ പലരും ഭൂവുടമകളായിരുന്നെങ്കിലും വോട്ടവകാശം ഭൂമിയുടെ മുൻ ഉടമകളായിരുന്ന നമ്പൂതിരിമാർക്കോ,നായന്മാർക്കോ ആയിരുന്നു.അവരാണ് ഭൂമിയുടെ കരം ഒടുക്കിയിരുന്നത്.അതുകൊണ്ടുതന്നെ ഈഴവ,ക്രൈസ്തവ,മുസ്ലീം പ്രതിനിധികൾ ഒരിക്കലും തിരഞ്ഞെടുപ്പിൽ വിജയിക്കാറുമില്ല.പ്രത്യക്ഷത്തിൽ തന്നെ സാമാന്യബുദ്ധിക്കോ സ്വാഭാവികനീതിക്കോ നിരക്കാത്ത ഈ അനീതിക്കെതിരായാണ് നിവർത്തന പ്രക്ഷോഭം ആദ്യം വിരൽചൂണ്ടിയത്. സർക്കാർ ഉദ്യോഗങ്ങളിൽ ഈഴവ ക്രൈസ്തവ മുസ്ലീം ജനവിഭാഗങ്ങൾക്ക് അർഹമായ പ്രവേശനം നൽകിയിരുന്നില്ല.ഇതും നിവർത്തന പ്രക്ഷോഭണത്തിന് വഴിമരുന്നിട്ട ശക്തമായ കാരണങ്ങളിലൊന്നായിരുന്നു.അങ്ങനെയാണ് 1932ലെ ഭരണപരിഷ്കാരത്തെ നിരാകരിച്ചുകൊണ്ട് മൂന്ന് സമുദായങ്ങൾ 'സംയുക്ത രാഷ്ട്രീയസമിതി' രൂപീകരിച്ച് ശക്തമായ പ്രക്ഷോഭണത്തിന് രൂപം നൽകിയത്. കോഴഞ്ചേരി സമ്മേളനം നടക്കുന്നസമയത്ത് നിവർത്തന പ്രക്ഷോഭത്തിന്റെ അലയൊലികൾ തിരുവിതാംകൂറിൽ മാത്രമല്ല,കൊച്ചിയിലും മലബാറിലും മുഴങ്ങിക്കേൾക്കാമായിരുന്നു.കോഴഞ്ചേരി സമ്മേളനത്തിൽ പ്രതിയോഗികളുടെ അവകാശവാദങ്ങൾ അക്കമിട്ട് പൊളിച്ചടുക്കിയ സികേശവൻ സർ.സി.പി.ക്കും സർക്കാരിനുമെതിരെ ആഞ്ഞടിക്കുകതന്നെ ചെയ്തു. 'ഞാൻ സൂചിപ്പിക്കുന്നത് സർ സി.പിയേയാണ്.നമുക്ക് ആ ''ജന്തു'വിനെ വേണ്ട.ഞാൻ ജന്തുവെന്നല്ല ഹിന്ദുവെന്നാണ് പറഞ്ഞത്.ഈ മനുഷ്യൻ ഈഴവർക്കോ ക്രിസ്ത്യാനികൾക്കോ മുസൽമാന്മാർക്കോ ഒരു ഗുണവും ചെയ്യുകയില്ല. ഈ മാന്യൻ വന്നതിനുശേഷമാണ് തിരുവിതാംകൂറിന് ചീത്തപ്പേര് കിട്ടാൻ തുടങ്ങിയത്. ഈ മനുഷ്യൻ പുറത്തു പോകുന്നതുവരെ നന്മയൊന്നും ഈ രാജ്യത്തിനുണ്ടാവുകയില്ല' എന്നുപറഞ്ഞുകൊണ്ടാണ് സികേശവൻ തന്റെ വിഖ്യാതപ്രസംഗം അവസാനിപ്പിച്ചത്. കോഴഞ്ചേരി പ്രസംഗം രാജ്യദ്രോഹമായും വിവിധസമുദായങ്ങൾ തമ്മിൽ വിദ്വേഷംവളർത്താൻ ഇടയാക്കുന്നതാണെന്നും സർക്കാർ വിലയിരുത്തി.രാജ്യദ്രോഹകുറ്റവും സാമൂദായിക സ്പർദ്ധ വളർത്തിയെന്ന കുറ്റവും ആരോപിച്ച് കേസ് ഫയൽ ചെയ്തു. അന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറികൂടിയായിരുന്ന സികേശവനെ 1935 ജൂൺ 7ന് ആലപ്പുഴയിൽ കിടങ്ങാമ്പറമ്പ് ക്ഷേത്ര മൈതാനിയിൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ കൊല്ലം ഡി.എസ്.പി. അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ കേശവന് ജാമ്യം നിഷേധിച്ചെന്നുമാത്രമല്ല, രണ്ട് വർഷത്തെ കഠിനതടവും 500 രൂപയും ശിക്ഷിച്ചു. എന്നാൽ അതോടെ പ്രക്ഷോഭം കൂടുതൽ ശക്തിപ്രാപിക്കുകയാണുണ്ടായത്. യോഗം ജനറൽസെക്രട്ടറിയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ഈഴവസമുദായവും ഉണർന്നെണീറ്റു. സ്വതന്ത്രമായും നട്ടെല്ല്നിവർത്തിയും ജീവിക്കുന്നതിന് ഏത് പരിതസ്ഥിതിയേയും അഭിമുഖീകരിക്കുമെന്ന് സമുദായം പ്രതിജ്ഞയെടുത്തു.ഇതോടൊപ്പം മതം മാറ്റത്തെക്കുറിച്ചും ഈഴവർ ഗൗരവമായി ആലോചിച്ചു.സമരമുഖത്തുള്ള കേശവനെക്കാൾ അതിശക്തനായിരുന്നു ജയിലിനകത്ത് കിടക്കുന്ന കേശവൻ.തിരുവിതാംകൂറിലാകെ പ്രതിഷേധക്കൊടുങ്കാറ്റ് ആഞ്ഞുവീശി.ഒടുവിൽ ഗന്ത്യന്തരമില്ലാത സംയുക്തരാഷ്ട്രീയ സമിതിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുവാൻ സർക്കാർ തയ്യാറായി.തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നതും പിന്നാക്ക സമുദായങ്ങൾക്ക് ഉദ്യോഗസംവരണം ലഭിച്ചതുമുൾപ്പെടെ ഇന്നും നിലനിൽക്കുന്ന നിരവധി പുരോഗമനപരമായതീരുമാനങ്ങൾക്ക് കാരണമായത് നിവർത്തനപ്രക്ഷോഭമാണ്. നിവർത്തനം ഈഴവ,ക്രിസ്ത്യൻ,മുസ്ലീം സമുദായങ്ങളുടെ സംയുക്തപ്രസ്ഥാനമായിരുന്നെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുകയും ത്യാഗംസഹിക്കുകയും ചെയ്തത് എസ്.എൻ.ഡി.പി യോഗവും, അതിന്റെ ജനറൽ സെക്രട്ടറിയായ സികേശവനുമായിരുന്നെന്ന് പ്രമുഖ കമ്മ്യൂണിസ്റ്റ് ചിന്തകനും പത്രപ്രവർത്തകനുമായിരുന്ന എം.കെ. കുമാരൻ പിന്നീട് വിലയിരുത്തുകയുണ്ടായി.ഇതുപോലെ പലഘട്ടങ്ങളിലായി സമുദായനേതാക്കളും സംഘടനയും ഒറ്റക്കെട്ടായിനിന്ന് പൊരുതിനേടിയ സാമൂഹ്യനീതിയും ജനസംഖ്യാനുപാതിക പ്രാതിനിധൃവുംഅതേപടി നിലനിറുത്തുന്നതിൽ ഇഴവസമുദായം രാഷ്ട്രീയമായി പരാജയപ്പെടുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. അധികാരത്തിന്റെ എല്ലാമേഖലയിലും സമുദായം പിന്തള്ളപ്പെട്ടുപോയി.അഞ്ചുവർഷം കൂടുമ്പോൾ അധികാരക്കസേരയിൽ മാറിമാറിയെത്തുന്ന രാഷ്ട്രീയ തമ്പുരാക്കന്മാർ ന്യൂനപക്ഷപ്രീണനത്തിനുവേണ്ടി മത്സരിക്കുന്നതിനിടെ പാർശ്വവത്ക്കരിക്കപ്പെടുന്ന ഭൂരിപക്ഷങ്ങളെ കാണാതെ പോവുകയാണ്. ഭൂരിപക്ഷസമുദായങ്ങളാകട്ടെ അദൃശ്യരായ ബാഹ്യശക്തികളുടെ പ്രേരണയാൽ പലഗ്രൂപ്പുകളായി തമ്മിൽതല്ലിയും സംഘടനയ്ക്കുള്ളിൽ വിഭാഗീയതകൾ സൃഷ്ടിച്ചും സ്വയം ദുർബലരാവുകയുമാണ്.ആടിനെ തമ്മിലിടിപ്പിച്ച് തലപൊട്ടിയൊലിക്കുമ്പോൾ രക്തംകുടിക്കാനെത്തുന്ന കുറുക്കന്മാരുടെ മനോഭാവമാണ് പിന്നാക്കരക്ഷകർ ചമഞ്ഞെത്തുന്ന രാഷ്ട്രീയക്കാർക്ക് എന്ന് തിരിച്ചറിയാൻ നമുക്കിനിയും സാധിക്കുന്നില്ല.അന്നും ഇന്നും എസ്.എൻ.ഡി.പി യോഗം വെറുമൊരു ആത്മീയസംഘടനമാത്രമാണെന്നും അത് രാഷ്ട്രീയം പറയുന്നതുപോലും മഹാ അപരാധമാണെന്നും വാദിക്കുന്നവർക്കുള്ള മറുപടികൂടിയാണ് സികേശവൻ പൊരുതിനേടിയ ജനാധിപത്യവിജയം.