തിരുവനന്തപുരം: വിവിധ നഗരങ്ങളിൽ നിന്ന് പ്രഖ്യാപിച്ച ട്രെയിനുകളിൽ കൊവിഡ് ബാധ തടയാൻ എ.സി കമ്പാർട്ടുമെന്റുകൾക്ക് പകരം നോൺ എ.സി കമ്പാർട്ടുമെന്റുകളാക്കാൻ റെയിൽവേക്കും കേന്ദ്രത്തിനും മേൽ സമ്മർദ്ദം ചെലുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരത്തേക്കുള്ള വണ്ടികൾക്ക് കോഴിക്കോട്ടും എറണാകുളത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. ഇത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ രാജധാനി കേരളത്തിൽ നിറുത്തുന്ന സ്റ്റോപ്പുകളിലെല്ലാം ഇവ നിറുത്തണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ കാസർകോട്ട് എത്തേണ്ടവരും കണ്ണൂരിന്റെ വടക്കൻ പ്രദേശങ്ങളിലുള്ളവരും മംഗലാപുരത്ത് ഇറങ്ങി വരേണ്ടിവരും.
റെയിൽവേ ഓപ്പൺ ബുക്കിംഗ് ആരംഭിച്ച സാഹചര്യത്തിൽ ട്രെയിനിൽ കേരളത്തിൽ ഇറങ്ങുന്ന മുഴുവൻ പേരെയും പരിശോധിക്കണം. അതിന് ശേഷം അവർ ക്വാറന്റൈനിൽ പോകണം. റെയിൽവേ സ്റ്റേഷനുകളിൽ ഇതിന് വിപുലമായ പരിശോധന ഒരുക്കും.
മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ കൊണ്ടുപോകാനെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ രോഗലക്ഷണമില്ലെങ്കിൽ ക്വാറന്റൈനിൽ പോകേണ്ട.
ഗൾഫിൽ കൊവിഡ് ഭീതിയിൽ കഴിയുന്ന ഗർഭിണികളെയും കുട്ടികളെയും മറ്റ് രോഗങ്ങളുള്ള വൃദ്ധരെയും നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അനുവദിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിനോട് അഭ്യർത്ഥിച്ചു. ഇപ്പോൾ വരുന്നവരിൽ 20 ശതമാനമാണ് ഗർഭിണികൾ. നിരവധി പേർ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പെട്ടെന്ന് തന്നെ ഈ ആവശ്യം ഉന്നയിച്ചത്. നിലവിൽ ചാർട്ട് ചെയ്ത വിമാനങ്ങളിൽ കൂടുതൽ സീറ്റുകൾ ഗർഭിണികൾക്ക് വേണം. പ്രസവത്തീയതി അടുത്തവരെ ഏറ്റവും മുൻഗണന നൽകി എത്തിക്കണം.
കുടിയേറ്റത്തൊഴിലാളികളുമായി 26 ട്രെയിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. 29,366 പേർ ഇങ്ങനെ മടങ്ങി. ബീഹാറിലേക്കായിരുന്നു 9 ട്രെയിനുകൾ.
@എ. സിയിൽ വൈറസ് സാദ്ധ്യത
എ.സി ട്രെയിനുകളിൽ ദിവസങ്ങളെടുത്തുള്ള യാത്ര കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത കൂട്ടുമെന്നാണ് വിവിധ രാജ്യങ്ങളിലെ അനുഭവം. എ.സിയുള്ള ബസുകളിലെയും മറ്റ് വാഹനങ്ങളിലെയും സഞ്ചാരവും അപകടം വരുത്തുമെന്ന് പഞ്ചാബിലെ ഹസൂർ സാഹിബിലെ അനുഭവം തെളിയിച്ചു. എ.സി ബസുകളിൽ സഞ്ചരിച്ച 4,198 പേരിൽ 1,217 പേർക്ക് അവിടെ ആ യാത്രയിൽ വൈറസ്ബാധയുണ്ടായി.