mullappally

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സ്വരാജ്ഭവന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റുകളുടെ കടങ്ങൾ എഴുതിത്തള്ളിയ പ്രധാനമന്ത്രി കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ മടിക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ച മുല്ലപ്പള്ളി ധൂർത്ത് പുത്രന്മാരാണ് കേരളം ഭരിക്കുന്നതെന്നും സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പേരൂർക്കടയിലും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തൈക്കാടും കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ വെട്ടുകാടും സമരത്തിൽ പങ്കെടുത്തു.