കാട്ടാക്കട: കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കർഷകന്റെ വേദനയറിയാത്തവരാണെന്ന് കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്. കർഷകർ,മത്സ്യതൊഴിലാളികൾ,പരമ്പരാഗത മേഖലകളിലെ തൊഴിലാളികളടക്കമുള്ളവരുടെ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആമച്ചൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട കൃഷി ഓഫീസിന് മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ആമച്ചൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ,കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി വി.എസ്.അജിത്കുമാർ,കൊമ്പാടിയ്ക്കൽ ജയകൃഷ്ണൻ,ഡാനിയേൽ പാപ്പനം,തലയ്ക്കോണം ബൈജു,രവി എന്നിവർ പങ്കെടുത്തു.