തിരുവനന്തപുരം: സുരക്ഷ ഉറപ്പാക്കി സംസ്ഥാനത്തിനുള്ളിൽ ട്രെയിൻ, വിമാന സർവീസുകൾ നടത്തണമെന്ന് കേന്ദ്രത്തിനു സമർപ്പിച്ച നിർദേശങ്ങളിൽ കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി മെട്രോയ്ക്കും അനുമതി നൽകണം. നിശ്ചിതയെണ്ണം യാത്രക്കാരുമായി ജില്ലാപരിധിയിൽ ബസ് സർവീസും അനുവദിക്കണം. ടിക്കറ്റ് നിരക്ക് കൂട്ടിയായിരിക്കും ബസോട്ടം.
നിയന്ത്രണങ്ങൾ ലംഘിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും.
മുംബയ്, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണം.
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള വ്യവസായശാലകൾക്ക് പ്രവർത്തനാനുമതി തേടി. സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് റസ്റ്റോറന്റുകൾക്ക് പ്രവർത്തിക്കാം. ഒരു യാത്രക്കാരനുമായി ഓട്ടോ ഓടാം. ഒരു കുടുംബമാണെങ്കിൽ ഇളവനുവദിക്കും.മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി കാർഷികവൃത്തിക്ക് ബാധകമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.