തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എൻജിനീയറിംഗിന്റെ 'കീം' പരീക്ഷ ജൂലായ് 16ന് രാവിലെയും ഉച്ചയ്ക്കുമായി നടത്തും.
മൂന്നും അഞ്ചും വർഷ എൽ.എൽ.ബി ഓൺലൈൻ പ്രവേശനപരീക്ഷ ജൂൺ 13, 14 തീയതികളിലാണ്. എം.ബി.എയുടേത് ഓൺലൈൻ വഴി ജൂൺ 21നാണ് . ജൂലായ് നാലിനാണ് എം.സി.എ പ്രവേശനപരീക്ഷ.
എൻജിനീയറിംഗിന് പോളി ടെക്നിക്കിന് ശേഷം ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനം ഈ വർഷം മാർക്കിന്റെ അടിസ്ഥാനത്തിൽ എൻട്രൻസ് കമ്മിഷണർ നടത്തും.
കീം പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ ഇപ്പോൾ കേരളത്തിന് പുറത്തുള്ളവർക്കും പുറത്തെ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ ജൂണിൽ അവസരം നൽകും.
പോളി പരീക്ഷകൾ
പോളി ടെക്നിക് വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പോളി ടെക്നിക്കുകളിൽ പരീക്ഷയെഴുതാം.അവസാന സെമസ്റ്റർ പരീക്ഷ ജൂൺ ആദ്യവാരം ആരംഭിക്കും.
സ്കൂൾ ഓൺലൈൻ
ക്ളാസ് ജൂൺ ഒന്നിന്
ജൂൺ ഒന്നിന് സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. സാധാരണ പ്രവർത്തനം പിന്നീട് തീരുമാനിക്കും. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 26 മുതൽ
21, 22 തീയതികളിലെ പരീക്ഷകൾ മാറ്റിയേക്കും
തിരുവനന്തപുരം: ലോക്ക്ഡൗൺ മൂലം മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 26 മുതൽ 29 വരെ നടക്കും. 21 ന് നടത്താനിരുന്ന വി.എച്ച്.എസ്.ഇ പരീക്ഷയും 22 ന് നടത്താനിരുന്ന പ്ലസ് വൺ പരീക്ഷയും 26 ന് നടത്തുംവിധം ടൈംടേബിൾ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കാരിന് ശുപാർശ നൽകി. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. 26, 27, 28, 29 തീയതികളിൽ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയും നടക്കും. 26ന് ഗണിതം, 27ന് ഫിസിക്സ്, 28 ന് കെമിസ്ട്രി എന്നീ ക്രമത്തിലാണ് എസ്.എസ്.എൽ.സി പരീക്ഷ. വിവിധ വിഭാഗങ്ങളിലായി നാല് പരീക്ഷകളാണ് പ്ലസ് ടുവിന് നടക്കാനുള്ളത്.
പ്രമോഷൻ ലിസ്റ്റ് 20നകം,
ഒമ്പതാം ക്ലാസിന്
മൂല്യനിർണ്ണയം
തിരുവനന്തപുരം:ഒന്നുമുതൽ ഒമ്പതു വരെ ക്ലാസുകളിലെ പ്രമോഷൻ ലിസ്റ്റ് ഈ മാസം 20നകം പ്രസിദ്ധീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികളെയും വിജയിപ്പിക്കും. ഒമ്പതാം ക്ലാസിൽ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയം നടത്തണം. പരീക്ഷ നടക്കാത്ത വിഷയങ്ങളിൽ
അർദ്ധവാർഷിക പരീക്ഷയുടെ സ്കോർ പരിഗണിക്കണം. അതും എഴുതാത്തവർക്ക് പാദവാർഷിക പരീക്ഷ അടിസ്ഥാനമാക്കണം. രണ്ടും എഴുതാത്തവർക്ക് സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തണം.