തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വികസനപ്രവർത്തനത്തിന്റെ ആദ്യഘട്ടമായി തലപ്പാടി- ചെങ്കള റീച്ചിന്റെ പ്രവർത്തനത്തിന് കേന്ദ്ര സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകി. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ ഉത്തരവിറങ്ങിയാലുടൻ ബിഡ് ഓപ്പൺ ചെയ്ത് ടെൻഡർ പൂർത്തിയാക്കാം. ഇതിന് സഹായകരമായ നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തലപ്പാടി- ചെങ്കള 39 കി.മീ. റോഡ് 45 മീറ്റർ വീതിയിലാണ് ആറുവരിയായി വികസിപ്പിക്കുക. 1968.84 കോടിയാണ് ചെലവ്. രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും. ഇതിനായി 35.66 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിന് 683.09കോടി പ്രതീക്ഷിക്കുന്നു. ഈ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും.

18 കി.മീ. തലശ്ശേരി- മാഹി ബൈപ്പാസ് പ്രവർത്തനം പുരോഗമിക്കുന്നു. 28.6 കി.മീ. കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കൽ നടപടി തുടങ്ങി. ഈ പ്രവൃത്തികൾക്ക് ഭൂമിയേറ്റെടുക്കാൻ 20,000 കോടിയാണ് ചെലവ്. ഇന്നത്തെ സാഹചര്യത്തിൽ തൊഴിൽ സാദ്ധ്യത ഇത് വർദ്ധിപ്പിക്കും. വ്യവസായ, വാണിജ്യ വികസനം ത്വരിതപ്പെടുത്താനും ഇത് പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.