migrant-workers

തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർക്ക് അനുവദിക്കുന്ന ഹോം ക്വാറന്‍റൈന്‍ ഫലത്തില്‍ റൂം ക്വാറന്‍റൈനായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. കുട്ടികള്‍, പ്രായമായവര്‍,ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരുമായി ബന്ധമുണ്ടാകരുത്. നിർദേശങ്ങൾ പാലിക്കാത്തവരെ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റും.

ക്വാറൻറൈനിൽ കഴിയുന്നവരെ പൊലീസ് നിരീക്ഷിക്കും. വിമാനത്താവളത്തിലോ, റെയിൽവെ സ്റ്റേഷനിലോ അതിർത്തി ചെക്ക് പോസ്റ്റിൽ റോഡ് വഴിയോ എത്തുന്നവർ വീടുകളിലോ സർക്കാർ ക്വാറൻറൈനിലോ എത്തിയെന്ന് ഉറപ്പാക്കുന്ന ചുമതല പൊലീസിനാണ്. ഒരാൾ കടന്നെത്തുന്ന പോയിൻറ് മുതൽ ക്വാറൻറൈനിൽ പ്രവേശിക്കുന്നതുവരെയുള്ള കാര്യങ്ങൾ പൊലീസ് ഉറപ്പാക്കും. വീട്ടിലേക്ക് പോകുന്നവർ വഴിക്ക് ഇറങ്ങാൻ പാടില്ല. സ്‌പെഷ്യൽ ട്രെയിനിലെത്തുന്നവരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഡി.ഐ.ജി എ . അക്ബറിനെ ചുമതലപ്പെടുത്തി.

കേരളത്തിൽ ഇറങ്ങുന്ന മുഴുവൻ പേരെയും പരിശോധിക്കും. വിമാനത്താവളങ്ങളിലെപ്പോലെ വിപുലമായ സംവിധാനം റെയിൽവേ സ്റ്റേഷനിലും ഏർപ്പെടുത്തും. റെയിൽവെ സ്റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.

റോഡ് മാർഗം ആളുകൾ കൂടുതലായിയെത്തുന്നതിനാൽ ചെക്ക്‌പോസ്റ്റുകളിൽ കൂടുതൽ സൗകര്യമൊരുക്കും. പരമാവധി ആളുകളെ കടത്തിവിടും. ചെക്ക് പോസ്റ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ആളുകൾക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക.