തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ, ലോകത്താകെയുള്ള നഴ്സുമാർക്ക്, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക് മുഖ്യമന്ത്രിയുടെ അഭിവാദനം. നിങ്ങൾ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾക്ക് ഈ നാടും ലോകവും നിങ്ങൾക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സേവനത്തിന്റെ പേരിൽ സ്വന്തം ജീവൻ അർപ്പിച്ച ലിനിയുടെ ഓർമ്മ നമ്മുടെയൊക്കെ മനസിലുണ്ട്. വയോധികരെ ശുശ്രൂഷിച്ച് കോവിഡ് ബാധിച്ച രേഷ്മയും, കൊവിഡ് ബാധയെ അതിജീവിച്ച് തിരികെ വീണ്ടും കൊവിഡ് ബാധിതരെ ശുശ്രൂഷിക്കാൻ ഡ്യൂട്ടിക്കെത്തിയ മറ്റു നഴ്സുമാരുമൊക്കെ നാടിന്റെ അഭിമാനമാണ്.

നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ലോകമാദരിക്കുന്ന കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും നമ്മുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്സുമാർക്കും അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേരള സർക്കാർ വലിയ നിഷ്‌കർഷയാണ് പുലർത്തിപ്പോരുന്നത്. ലോകത്തെമ്പാടും മലയാളി നഴ്സുമാരുടെ സേവനം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ ദുരിതകാലത്തും കേരളത്തിന്റെ അംബാസഡർമാരായി നിലകൊണ്ട് ധീരമായ സേവനങ്ങളാണ് അവർ കാഴ്ച വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.