cm

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് വില്പന സംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിൽ എല്ലാവരും മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. എന്നാൽ അപൂർവ്വം ചിലർ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നു. അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. റോഡരികിൽ ചിലയിടത്ത് മാസ്‌ക് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. സുരക്ഷിതമല്ലാത്ത വില്പന അനുവദിക്കില്ല. മാസ്‌ക് മുഖത്ത് വച്ച് നോക്കി തിരിച്ച് കൊടുത്ത് പോകുന്നത് പോലുള്ള നടപടികൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയം കളിക്കാൻ തനിക്ക് നേരമില്ല

രാഷ്ട്രീയം കളിക്കാൻ തനിക്ക് നേരമില്ലെന്ന്, യു.ഡി.എഫ് എം.പിമാരുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സഹായിക്കാനുള്ള എം.പിമാരുടെ സന്നദ്ധത മുഖ്യമന്ത്രി സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു അവരുടെ ആക്ഷേപം.

'ഞാനിപ്പോൾ കളിക്കാത്തത് രാഷ്ട്രീയമാണ്. എനിക്കിപ്പോൾ അതിന് നേരമില്ല. നാട് ഇങ്ങനെ നിൽക്കുമ്പോൾ രാഷ്ട്രീയക്കളിക്കല്ല ഞാൻ നിൽക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും നാട്ടിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്'- മുഖ്യമന്ത്രി വ്യക്തമാക്കി.