തിരുവനന്തപുരം: നവകേരള നിർമ്മാണത്തിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്ന സംസ്ഥാന സർക്കാർ കർഷകരെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ ഡെപ്യൂട്ടി സ്‌പീക്കറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പാലോട് രവി ആരോപിച്ചു. കെ.പി.സി.സി ആഹ്വാന പ്രകാരം നെടുമങ്ങാട് വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബർ കർഷകർക്ക് യു.ഡി.എഫ് സർക്കാർ ഏർപ്പെടുത്തിയ സബ്സിഡിയിൽ എട്ടു മാസത്തെ കുടിശികയുണ്ട്. മത്സ്യത്തൊഴിലാളികളും പരമ്പരാഗത മേഖലയിലെ തൊഴിലാളികളും ദുരിതത്തിലാണ്. ഈ മേഖലയിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വ്യാജ പ്രചാരണത്തിനും പി.ആർ വർക്കിനുമായി കോടിക്കണക്കിന് രൂപയാണ് ധൂർത്തടിക്കുന്നതെന്നും പാലോട് രവി പറഞ്ഞു.