കോവളം: കോഴിക്കോട്ട് നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ എത്തിച്ച അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രത്യേക വാഹനത്തിൽ വടകരയിൽ നിന്ന് 17 തൊഴിലാളികളെ വെള്ളാറിലെത്തിച്ചത്. നിയന്ത്രണങ്ങൾ നിലനിൽക്കെ കൊവിഡ് റിപ്പോർട്ടു ചെയ്യപ്പെട്ട ജില്ലയിൽ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ എത്തിച്ചതിനെതിരെയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്. വാക്കുതർക്കം രൂക്ഷമായതോടെ കോവളം പൊലീസ് നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ വകുപ്പിന്റെ അറിവോടെയാണ് തൊഴിലാളികൾ എത്തിയതെന്നും അവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇതോടെ പ്രദേശവാസികൾ പിരിഞ്ഞുപോയി. എന്നാൽ അന്യജില്ലയിൽ നിന്ന് തൊഴിലാളികളെ എത്തിച്ചത് പഞ്ചായത്ത് അധികൃതരെ അറിയിക്കാതെയാണെന്നും ഇക്കാര്യത്തിൽ സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചതെന്നും ആരോപിച്ച് വെങ്ങാനൂർ പഞ്ചായത്ത് രംഗത്തെത്തി. കാര്യങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല പറഞ്ഞു.