nipah

തിരുവനന്തപുരം : "കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയണം. അടുത്തുവന്ന് കൊഞ്ചിനിൽക്കുന്ന മകളെ വാരിയെടുത്ത് മടിയിലിരുത്താനും ഉമ്മ വയ്ക്കാനും കൊതിയുണ്ട്. ഒന്ന് കൈയെത്തി തൊടാൻ പോലും പറ്റില്ല..." കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴുണ്ടായ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സായ ഷീനയുടെ അനുഭവമാണിത്. ലോക നഴ്‌സസ് ദിനത്തിൽ സംസ്ഥാനത്തെ നഴ്‌സുമാരുമായി മന്ത്രി കെ.കെ.ശൈലജ നടത്തിയ വീഡിയോ കോൺഫറൻസിൽ നഴ്‌സിംഗ് അഡി. ഡയറക്ടർ എം.ജി. ശോഭനയാണ് ഷീനയുടെ കുറിപ്പ് വായിച്ചത്. നിറഞ്ഞ കരഘോഷത്തോടെയാണ് മന്ത്രിയും മറ്റു നഴ്സുമാരും വാക്കുകൾ സ്വീകരിച്ചത്.
ഓരോരുത്തർക്കും ഇതുപോലെ പല കഥകളും പറയാനുണ്ടാകുമെന്നും അകാലത്തിൽ പൊലിഞ്ഞ നഴ്‌സുമാരായ ലിനി, എ.എ. ആഷിഫ്, ഡോണ വർഗീസ് എന്നിവരെ ഓർക്കുന്നതായും മന്ത്രി പറഞ്ഞു.
നൂറോളം ആശുപത്രികളിൽ നിന്നായി 800ലധികം നഴ്സുമാരുമായാണ് മന്ത്രി സംവദിച്ചത്. മലപ്പുറം കുറ്റിപ്പുറം താലൂക്കാശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ബെറ്റ്‌സി, കൊവിഡ് പ്രതിരോധത്തെപ്പറ്റി പാടി ഹിറ്റായ ഗാനം ആലപിച്ചു.