electricity

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നു. സബ്സിഡി നഷ്ടപ്പെട്ടു. ഇരട്ടിത്തുകയുടെ ബിൽ വന്നു. ലോക്ക് ഡൗണിൽ മീറ്റർ റീഡിംഗ് എടുക്കാൻ വൈകിയതാണ് കാരണം.

തിരിച്ചടിച്ച റീഡിംഗ്

# രണ്ടുമാസത്തെ ഉപയോഗം കണക്കാക്കി യൂണിറ്റിന് മുപ്പതുപൈസ നിരക്കിൽ 240 യൂണിറ്റുവരെ സബ്സിഡി ലഭിക്കണം.

# 240 യൂണിറ്റിൽ കൂടുതൽ ഉപയോഗിച്ചാൽ സബ്സിഡി ഇല്ലാതാകും. യൂണിറ്റിന് 3.70 നുപകരം 4.80 രൂപ നൽകണം.

# ജനുവരി അവസാനം റീഡിംഗ് എടുത്ത വീടുകളിൽ ലോക്ക് ഡൗൺ കാരണം മേയിലാണ് റീഡിംഗ് എടുത്തത്.

# മൂന്നു മാസത്തെ ബിൽ ഒന്നിച്ച് ചുമത്തിയപ്പോൾ യൂണിറ്റ് കൂടി. നിരക്ക് 4.80 ആയി.

# യൂണിറ്റിന് 4.80 നൽകിയിരുന്നവരുടേത് 5.90 ആയി ഉയർന്നു.

വ്യാപാരികൾക്കും കുരുക്ക്

അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങളിലും ഭീമമായ തുകയാണ് വന്നത്. കണക്ടഡ് ലോഡ് അനുസരിച്ച് ഉയർന്ന താരിഫായിതിനാൽ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ്, മീറ്റർ വാടക അടക്കമുള്ള തുക നൽകണം.

 പരിഹരിക്കും:

കെ.എസ്. ഇ.ബി

സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി നിശ്ചിത ദിവസത്തേക്കുള്ള വൈദ്യുതി ഉപയോഗത്തിനു മാത്രം ബിൽ നൽകും. കൂടുതൽ ദിവസത്തെ റീഡിംഗ് എടുക്കുകയും ഉയർന്ന ബിൽ ലഭിക്കുകയും ചെയ്തവർ സെക്ഷൻ ഓഫീസിൽ പരാതിപ്പെട്ടാൽ തിരുത്തി നൽകും.

വ്യാപാര സ്ഥാപനങ്ങളുടെ ഫിക്സഡ് ചാർജ് അടയ്ക്കുന്നത് ആറു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. പ്രതിമാസ ബിൽ ലഭിക്കുന്ന വ്യാപാരികൾ മാർച്ചിലെ തുകയുടെ 70 ശതമാനം അടച്ചാൽ മതി.അധിക ബിൽ അടച്ചെങ്കിൽ അടുത്ത ബില്ലിൽ ക്രമീകരിക്കും.