തിരുവനന്തപുരം:ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരം വീണു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പേട്ട, ചാക്ക, ഊറ്റുകുഴി ജംഗ്ഷൻ, പ്രസ്‌ക്ലബ് പരിസരം, തമ്പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാൽനട യാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും വലച്ചു. വഞ്ചിയൂർ മാതൃഭൂമി റോഡിൽ ശ്രീകലയുടെ വീടിന്റെ താഴത്തെ നിലയിൽ രണ്ടടിയോളം ഉയരത്തിൽ വെള്ളം കയറി. റോഡിലെ ഓട നിറഞ്ഞതാണ് അപ്രതീക്ഷിതമായി വീടിൽ വെള്ളക്കെട്ട് സൃഷ്ടിച്ചത്. ചെങ്കൽചൂള ഫയർഫോഴ്സെത്തി വീട്ടിലുള്ളവരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. തിരുമല അരയല്ലൂർ പെട്രോൾ പമ്പിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഏഴ് വാഹനങ്ങളിൽ വെള്ളം കയറി. പൂജപ്പുര മുടവൻമുകൾ ശങ്കരൻപാറയിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. എസ്.കെ ഹോസ്പിറ്റൽ ശാസ്താ നഗർ, ശ്രീമൂലം ക്ലബിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലും മരം കടപുഴകി. ഫയ‌ർഫോഴ്സെത്തി ഏറെ നേരം പരിശ്രമിച്ചാണ് ഇവ നീക്കം ചെയ്തത്. മഴ രാത്രിയിലും തുടർന്നെങ്കിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.