തിരുവനന്തപുരം:നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും പേട്ട സി.ഐ ഗിരിലാൽ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത 14 അന്യസംസ്ഥാന തൊഴിലാളികളെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ, ബീഹാർ,ജാർഖണ്ഡ്,ഒഡിഷ,യു.പി സ്വദേശികളായ ജഹാംഗീർ ആലം,ഉമേഷ് പ്രസാദ് ഗുപ്ത, കൽദേവ് ദാസ്, ബാബു സോറൻ, സുനിൽ കോർവ, വീരേന്ദ്ര കോർവ, അബ്ദുൾ മാലിക്, സിക്കന്തർ യാദവ്, വിജയ് യാദവ്, ശംബു യാദവ്, സന്തോഷ് കുമാർ, ശംബു യാദവ്, ദീപക് പ്രസാദ്, സന്തോഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരുവാതിൽകോട്ടയിലെ ലേബർ ക്യാമ്പിലെ 750 അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ഇവരോട് ക്യാമ്പുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട പൊലീസുകാർക്ക് നേരെ കല്ലുകളും സിമന്റ് കട്ടകളും വലിച്ചെറിയുകയായിരുന്നു. സി.ഐ ഗിരിലാലിന് പുറമേ പൊലീസ് ഡ്രൈവർ ദീപു,ഹോംഗാർഡ് അശോകൻ എന്നിവർക്കും പരിക്കേറ്റിരുന്നു. പേട്ട എസ്.ഐ പി.രതീഷിന്റെ നേതൃത്വത്തിൽ ക്രൈം എസ്.ഐ ഗോപകുമാർ, എ.എസ്.ഐമാരായ അശോകൻ,സുനിൽരാജ്,സന്തോഷ്, പ്രഭാത്, സി.പി.ഒമാരായ പ്രവീൺ, ബിനു,സജിരാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.