തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യവില വർദ്ധിപ്പിക്കാൻ തീരുമാനം. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
വിദേശനിർമ്മിത വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങൾക്കും വില കൂടും.
കെയ്സിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാനാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം. കെയ്സിന് 400 രൂപയിൽ താഴെയാണെങ്കിൽ പത്ത് ശതമാനം നികുതിയാവും ഏർപ്പെടുത്തുക. ബീയറിനും പത്ത് ശതമാനം നികുതി ഏർപ്പെടുത്തും. ഇതോടെ ഒരു കുപ്പി മദ്യത്തിന് അമ്പത് രൂപ വരെ വർദ്ധിക്കാനാണ് സാധ്യത.
മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽനപനയ്ക്കുള്ള സാധ്യത സർക്കാർ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷന് സർക്കാർ നിർദേശം നൽകി.
ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ സർക്കാരിൽ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചു. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൗണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും.