ന്യൂഡൽഹി: കൊവിഡിനുള്ള സുരക്ഷാഉപകരണങ്ങൾ കയറ്റി അയയ്ക്കുന്നതിന്റെ മറവിൽ രാജ്യത്ത് മയക്കുമരുന്നുവ്യാപാരം വൻതോതിൽ കൂടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് പൊലീസിനും സുരക്ഷാ ഏജൻസിക്കും സി.ബി.ഐയുടെ മുന്നറിയിപ്പ്.
ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് പ്രധാന മയക്കുമരുന്ന് വ്യാപാരികൾ, അവരുടെ പ്രവർത്തനരീതികൾ, നീക്കങ്ങൾ, സങ്കേതങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന പർപ്പിൾ നോട്ടീസ് ഇന്റർപോൾ നൽകിയിട്ടുണ്ട്.
മയക്കുമരുന്നുവ്യാപാരം നിയന്ത്രിക്കുന്നതിനായി ഇന്റർപോളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സി.ബി.ഐ അറിയിച്ചു. ഇപ്പോഴത്തെ അനുകൂല സാഹചര്യം മുതലെടുത്ത് ആശുപത്രികളെ ലക്ഷ്യമാക്കി സൈബർ കുറ്റവാളികൾ രംഗത്തെത്തിയിട്ടുണ്ടെന്നും വ്യാജ കൊ ടെസ്റ്റ് കിറ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണെന്നും ഇന്റർപോൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.