pic

തിരുവനന്തപുരം: മഴ തകർത്ത് പെയ്‌തതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ശക്തമാകുന്നു. 10 ദിവസത്തിനിടെ ചികിത്സ തേടിയവരിൽ 47 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 432 പേർക്ക് രോഗം സംശയിക്കുകയാണ്. 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധത്തിനിടെ മഴക്കാലപൂർവശുചീകരണം പാളിയതാണ് ഡെങ്കിപ്പനി പടരാൻ കാരണമായത്. ഡെങ്കിപ്പനിക്കെതിരെ അതി ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ മാത്രം ചികിത്സതേടിയവരിൽ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 46 പേർക്ക് രോഗം സംശയിക്കുന്നു . കൊല്ലത്ത് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട് 19 പേർക്കും പത്തനംതിട്ടയിൽ ഏഴുപേർക്കും ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. 10 ദിവസത്തിനിടെ 47 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 437 പേർ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.

ലോക്ക് ഡൗണിൽ പ്രവർത്തനം നിലച്ച തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കൊതുക് പെരുകി. 10 ദിവസത്തിനിടെ 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 52 പേർക്ക് രോഗം സംശയിക്കുന്നു. മൂന്നുപേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ്. മഴക്കാലമായതോടെ ചിക്കൻഗുനിയ , എച്ച് വൺ എൻ വൺ തുടങ്ങിയ പകർച്ചവ്യാധികളും വർദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.