മോസ്കോ :റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. 2012 മുതൽ പെസ്കോവ് പുടിന്റെ വക്താവായി പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനാ ഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് കൊവിഡ് ബാധ കണ്ടെത്തിയത്. അതിന് ശേഷം സാംസ്കാരിക മന്ത്രി ഓൽഗ ല്യുബിമോവ, കൺസ്ട്രക്ഷൻ വകുപ്പ് മന്ത്രി വ്ലാഡിമിർ യാകുഷേവ്, യാകുഷേവിന്റെ പ്രതിനിധികളിൽ ഒരാൾ എന്നിവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഒരു മാസത്തിന് മുമ്പാണ് താൻ പ്രസസിഡന്റ് വ്ലാഡിമിർ പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതെന്ന് പെസ്കോവ് ഒരു അന്താരാഷ്ട്ര ന്യൂസ് ഏജൻസിയോട് പറഞ്ഞു.
പുടിൻ ഇപ്പോൾ മോസ്കോയ്ക്ക് പുറത്തുള്ള ഔദ്യോഗിക വസതിയിലിരുന്നാണ് ജോലി ചെയ്യുന്നത്. പുടിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ആറാഴ്ച നീണ്ട് നിന്ന ' നോൺ - വർക്കിംഗ് പിരീഡ് ' അവസാനിച്ചതായി ടെലിവിഷനിലൂടെ പുടിൻ അറിയിച്ചത്. രോഗ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് അതത് ഗവർണർമാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. റഷ്യയിൽ കൊവിഡിന്റെ പ്രഭാവകേന്ദ്രം തലസ്ഥാനമായ മോസ്കോയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പകുതിയിലേറെ രോഗികളും മരണവും മോസ്കോയിലാണ്. മോസ്കോയിൽ ലോക്ക് ഡൗൺ മേയ് 31 വരെ നീട്ടിയിരിക്കുകയാണ്. എന്നാൽ നിർമാണ മേഖലയിലും വ്യവസായ ശാലകളിലും ഇന്നലെ മുതൽ ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്. കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്കും ഗ്ലൗസും നിർബന്ധമാണ്. ഡിജിറ്റൽ പെർമിറ്റില്ലാത്ത യാത്രകൾ അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്.
നിലവിൽ 232,243 കൊവിഡ് രോഗികളുമായി അമേരിക്കയ്ക്കും സ്പെയിനിനും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്ത് തുടരുന്ന റഷ്യയിൽ ഇതേവരെ 2,116 പേരാണ് മരിച്ചിട്ടുള്ളത്. ധ്രുതഗതിയിൽ പരിശോധനകൾ നടത്തി രോഗനിർണയത്തിലൂടെ ചികിത്സ നൽകുന്നതിനാലാണ് രാജ്യത്തെ മരണനിരക്ക് ഇത്രയും കുറഞ്ഞിരിക്കുന്നതെന്ന് റഷ്യൻ സർക്കാർ പറയുന്നു. എന്നാൽ യഥാർത്ഥ മരണ സംഖ്യ വളരെ ഉയർന്നതാകാമെന്നാണ് റഷ്യയ്ക്ക് പുറത്തുള്ള ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.