covid-

തിരുവനന്തപുരം- ദോഹയിൽ നിന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ ഒരാളെ കൊവിഡ് ലക്ഷണങ്ങളെ തുട‌ർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. 181 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ 20 പേരെ ഐ.എം.ജിയിലും രണ്ടുപേരെ മസ്കറ്റ് ഹോട്ടലിലും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.ഗർഭിണികളും സ്ത്രീകളും കുട്ടികളും മുതിർന്ന പൗരൻമാരുമുൾപ്പെടെ മറ്റുള്ളവരെ രോഗലക്ഷണങ്ങളില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കർശന നിബന്ധനകളോടെ ഹോം ക്വാറന്റൈനിൽ പോകാനും അനുമതി നൽകി. ഇന്നലെ അർദ്ധരാത്രിയോടെ തിരുവനന്തപുരത്തെത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ മുഴുവൻ പരിശോധനകൾ പൂർത്തിയാക്കി ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ അവസാനിച്ചത് പുലർച്ചെ 5.30 ഓടെയാണ്.

കൊവിഡ് രോഗത്തെ തുട‌ർന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുളള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ആദ്യവിമാനമാണിത്. കഴിഞ്ഞ ഞയറാഴ്ച എത്തിച്ചേരുമെന്ന് പ്രഖ്യാപിച്ചിരുന്ന വിമാനം ഖത്തർ സർക്കാരിന്റെ അനുമതി ലഭിക്കാതിരുന്നതിനാലാണ് യാത്ര മാറ്റിയത്.ഖത്തറിൽ നിന്ന് വിമാനത്തിൽ പ്രവേശിക്കും മുമ്പ് യാത്രക്കാരെ പരിശോധനകൾക്ക് വിധേയരാക്കിയിരുന്നെങ്കിലും ആരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഒരു യാത്രക്കാരന്റെ ശരീരോഷ്മാവിൽ വ്യത്യാസം കണ്ടത്. പനിയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ ഉടൻ അധികമാരുമായും സമ്പർക്കത്തിനിടയാക്കാത്ത വിധം റൺവേയിൽ നിന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ ഇയാളുടെ സ്രവപരിശോധനയുൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ ഒരാൾക്ക് ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിൽ ഈ വിമാനത്തിലെത്തിയ മുഴുവൻ യാത്രക്കാരെയും സൂക്ഷ്മ നിരീക്ഷണത്തിലാക്കാനും കർശനമായ ക്വാറന്റൈൻ നടപടികൾക്ക് വിധേയരാക്കാനുമാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കന്യാകുമാരി, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ വിമാനത്തിലുള്ളത്‌.സ്ത്രീകളായിരുന്നു യാത്രക്കാരിൽ അധികവും. പഴുതടച്ച പരിശോധനാ സംവിധാനമായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്‌.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ്ഡെസ്കും സജ്ജീകരിച്ചിരുന്നു. തെർമൽ ഫേസ് ഡിറ്റക്ഷൻ കാമറയടക്കം 10 ഘട്ട സുരക്ഷാ പരിശോധനകൾക്ക് ശേഷം രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും പോകാൻ അനുവദിച്ചത്. ഗർഭിണികൾ, കുട്ടികൾ എന്നിവരെ ടാക്‌സികളിലാണ് വീടുകളിലേക്ക് അയച്ചത്.മറ്റ്‌ ജില്ലക്കാരെ കെ.എസ്‌.ആർ.ടി.സി ബസ്‌ വഴി നിരീക്ഷണ കേന്ദ്രത്തിലേ‌ക്ക്‌ മാറ്റി.

ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.തിരുവനന്തപുരം നഗരത്തിലും ആറ് താലൂക്കുകളിലുമായി 20,000ത്തോളം യാത്രക്കാരെ പ്രവേശിപ്പിക്കാനുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.