റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ 31 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഈ മാസം 8 വരെയുള്ള വിവരങ്ങളാണ് എംബസി പുറത്ത് വിട്ടത്. ഇതിൽ 8 പേർ മലയാളികളാണ്. നേരത്തെ ജിദ്ദയിൽ മരിച്ച മലയാളിയുടെ വിവരങ്ങൾ എംബസി കണക്കിൽപ്പെടുത്തിയിട്ടില്ല. എട്ടാം തിയതിക്ക് ശേഷം മൂന്ന് പേർ മരിച്ചതുകൂടി ചേർത്താൽ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 12 ആവും.
മക്കയിൽ 12 ഇന്ത്യക്കാണ് മരിച്ചത്. മദീനയിൽ ഏഴും ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ 5 വീതവും ദമാം, ബുറൈദ എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ് മരിച്ചത്. കണ്ണൂർ സ്വദേശി ഷബ്നാസ്(മദീന), മലപ്പുറം ചെമ്മാട് സ്വദേശി സഫ് വാൻ (റിയാദ്), പുനലൂർ സ്വദേശി വിജയകുമാരൻ നായർ (റിയാദ്), ആലപ്പുഴ സ്വദേശി ഹസീബ് ഖാൻ (ഉനൈസ), മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ല്യാർ (മക്ക), മലപ്പുറം മക്കരപ്പറമ്പ് സ്വദേശി അരീക്കത്ത് ഹംസ അബൂബക്കർ (മദീന), മലപ്പുറം പാണ്ടിക്കാറ്റ് സ്വദേശി മുഹമ്മദ് റഫീഖ് (മക്ക), കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ഷരീഫ് ഇബ്രാഹിം കുട്ടി എന്നിവരാണ് എംബസി പുറത്ത് വിട്ട കണക്ക് പ്രകാരം സൗദിയിൽ മരിച്ച മലയാളികൾ.
ജിദ്ദയിൽ നേരത്തെ മരിച്ച മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പറേങ്ങൽ ഹസ്സൻ, മലപ്പുറം നിലമ്പൂർ സ്വദേശി നെല്ലിക്കോടൻ സുദേവൻ, എറണാകുളം മുളന്തുരുത്തി സ്വദേശി ഈരക്കാമയിൽ ബെന്നി, തുശ്ശൂർ കുന്ദം കുളം കടവൂർ സ്വദേശി പട്ടിയാമ്പള്ളി ബാലൻ ഭാസി എന്നിവരുടെ വിവരങ്ങളാണ് എംബസി കണക്കിൽപ്പെടാത്തത്.