pic

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്ക് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും കള്ളില്ലാത്തതിനാൽ പകുതിയിലധികം ഷാപ്പുകളും തുറക്കാനായില്ല. തെങ്ങ് ചെത്ത് കുറവായ സംസ്ഥാനത്ത് പാലക്കാടൻ കള്ളിന്റെ വരവിനെ ആശ്രയിച്ചാണ് ഷാപ്പുകൾ പ്രവർത്തിക്കുന്നത്. പാലക്കാട് നിന്ന് കള്ള് കൊണ്ടുവരുന്നതിനാവശ്യമായ പെർമിറ്റ് ലഭ്യമാക്കുന്നതിന്റെ നടപടികൾ പൂ‌ർത്തിയാകാത്തതും ലോക്ക് ഡൗണിനെ തുടർന്ന് തമിഴ്നാട് അതിർത്തിയിലുള്ള തോട്ടങ്ങളിൽ പനയും തെങ്ങും ചെത്തുന്നവർക്ക് ജോലിക്കെത്താൻ കഴിയാത്തതുമാണ് പ്രശ്നം. പാലക്കാട് നിന്ന് ഓരോ റേഞ്ചിലേക്കും കള്ള് കൊണ്ടുവരുന്നതിനുള്ള വാഹനങ്ങളുടെ ഉടമകൾ പെർമിറ്റിനായി എക്സൈസ് ഓഫീസുകളിൽ അപേക്ഷിച്ചിട്ടുണ്ട്.

ഇവരുടെ അപേക്ഷകൾ പരിശോധിച്ച് പെർമിറ്റ് ഫീസ് ഈടാക്കി വേണം അനുമതി പത്രം നൽകാൻ. രണ്ട് ദിവസത്തിനകം ഇത് പൂർത്തിയാക്കാനാകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. 3500ലധികം കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ലേല നടപടികൾ പൂർത്തിയായതിൽ പകുതിയിൽ താഴെ മാത്രമാണ് ഇന്ന് തുറന്നത്. ചെത്ത് കള്ളിന് പേരുകേട്ട കുട്ടനാട് പ്രദേശത്തെ കള്ള് ഷാപ്പുകളിൽ നാലിലൊന്നുപോലും ഇന്ന് തുറന്നിട്ടില്ല. ഇവിടങ്ങളിൽ നാടൻ തെങ്ങ് ചെത്തുന്ന കളളിനാണ് ഡിമാൻഡ്. എന്നാൽ വൃക്ഷക്കരം അടച്ച് തെങ്ങുകൾ ചെത്താനായി ഒരുക്കിയെടുക്കുന്ന ജോലികൾ ഇവിടങ്ങളിൽ ആരംഭിച്ചിട്ടേയുള്ളൂ. ഒരുമാസത്തിലധികം പണിയെടുത്തുവേണം ഈ തെങ്ങുകളിൽ നിന്ന് കള്ള് ഉത്പാദിപ്പിക്കാൻ. അതുവരെ പാലക്കാട് നിന്നെത്തുന്ന കള്ളാണ് ഇവിടങ്ങളിൽ വിറ്റഴിക്കുന്നത്. പാലക്കാട് നിന്നുള്ള കള്ളിന്റെ വരവ് കുറഞ്ഞതാണ് ഷാപ്പുകൾ നേരിടുന്ന പ്രശ്നം.

തിരുവനന്തപുരം ജില്ലയിൽ വിൽപ്പന പൂർത്തിയായ കള്ള് ഷാപ്പുകളിൽ പകുതിയും ഇന്ന് തുറന്നില്ല. ലേലം പൂർത്തിയായ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും പകുതി ഷാപ്പുകളാണ് തുറന്നത്. പത്തനംതിട്ടയിൽ കൊവിഡ് കാരണം ലേലനടപടികൾ തടസപ്പെട്ടതിനാൽ ഇവിടത്തെ ഷാപ്പുകൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് വിദേശമദ്യവിൽപ്പനശാലകളും ബാറുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കള്ളുഷാപ്പുകൾ തുറന്ന പലസ്ഥലങ്ങളിലും രാവിലെ തന്നെ മദ്യപാനികളുടെ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. സാമൂഹ്യ അകലംപാലിച്ചാണ് പലരും കള്ള് വാങ്ങാനെത്തിയത് . എന്നാൽ ആവശ്യാനുസരണം കള്ള് ലഭ്യമാകാത്ത സാഹചര്യത്തിൽ സ്പിരിറ്റും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജക്കള്ള് നിർമ്മിച്ച് നൽകുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. ഇത് തടയുന്നതിന് എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കള്ളുഷാപ്പുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കള്ളിൽ നിന്ന് കർശനമായി സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനും എക്സൈസ് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.