covid

ചെന്നൈ: മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് പിടിമുറുക്കുന്നു. തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ രോഗബാധിതർ വർദ്ധിയ്ക്കുകയാണ്. ചെന്നൈ, കോയബേട് മാർക്കറ്റ് ക്ളസ്റ്ററിനു പിന്നാലെ നഗരത്തിലെ കണ്ണകി നഗറിലും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇരുപതിനായിരത്തോളം പേർ തിങ്ങിപ്പാർക്കുന്ന കോളനിയിൽ 23 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 716 പേർക്കാണ് തമിഴ്നാട്ടിൽ മൊത്തത്തിൽ രോഗം കണ്ടെത്തിയത്.

ഇന്നലെ മാത്രം എട്ട് മരണങ്ങളുണ്ടായി. ഓരോ ദിവസവും മരണ സംഖ്യയും വർദ്ധിക്കുകയാണ്. 8718 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 61 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കർണാടകയിലും തെലങ്കാനയിലും സ്ഥിതിഗതികൾ മാറിമറിയുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്. കർണാടകയിൽ ഇന്നലെ 63 പേർക്കുകൂടി രോഗബാധിതരുടെ എണ്ണം 925 ആയി. 31 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

തെലങ്കാനയിൽ ഇന്നലെ രണ്ട് പേരാണ് മരിച്ചത്. മരണസംഖ്യ 32 ആയി. 51 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ 1326 ആയി. ആന്ധ്രാപ്രദേശിൽ ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ടു ചെയ്തു. മരണസംഖ്യ 46 ആയി. 33 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ 2051 ആണ്.