തിരുവനന്തപുരം: സംസ്ഥാനത്ത് കളളുഷാപ്പുകളുടെ പ്രവർത്തനം തുടങ്ങി. പക്ഷേ, ആവശ്യത്തിന് കള്ളെത്താത്തതിനാൽ പകുതിയോളം ഷാപ്പുകൾ മാത്രമാണ് തുറക്കാനായത്. തിരുവനന്തപുരം ജില്ലയിലെ ലൈസൻസ് ലഭിച്ച നാലു ഷാപ്പുകളും കള്ള് ലഭിക്കാത്തതിനാൽ ഇന്ന് തുറക്കാൻ ഇടയില്ലെന്നാണ് അറിയുന്നത്.
പത്തനംതിട്ട ജില്ലയിൽ കള്ളു ഷാപ്പുകൾ ഒന്നും തുറന്നില്ല. കൊവിഡ് നിയന്ത്രണം കാരണം ഷാപ്പ് ലേലം ജില്ലയിൽ നടന്നിരുന്നില്ല. ഇതാണ് കാരണം. കുട്ടനാട്ടിലും ഭൂരിഭാഗം കള്ളുഷാപ്പുകളും തുറക്കാനാകാത്ത അവസ്ഥയാണ്. എറണാകുളം ജില്ലയിൽ മുപ്പതോളം ഷാപ്പുകൾ മാത്രമാണ് തുറന്നത്.കള്ളിന്റെ ക്ഷാമവും ലൈസൻസ് പ്രശ്നവും തന്നെ കാരണം.
കള്ള് ഷാപ്പുകൾ തുറക്കാൻ തീരുമാനമായതോടെ കള്ള്ചെത്ത് കേന്ദ്രങ്ങളെല്ലാം സജീവമായിരുന്നു. പക്ഷേ, വിചാരിച്ചപോലെ കാര്യങ്ങൾ നടന്നില്ല. ലോക്ക്ഡൗൺ മൂലം തൊഴിലാളി ക്ഷാമം നേരിട്ടതും പ്രശ്നമായി.
ബാറുകളും മദ്യവില്പനശാലകളും തുറക്കാത്തത് കള്ളിന് ആവശ്യക്കാർ കൂടുമെന്നിരിക്കെ കള്ളിന്റെ ലഭ്യത കുറയുന്നത് തിരിച്ചടിയായിട്ടുണ്ട്. സാഹചര്യം മുതലെടുത്ത് വ്യാജ കള്ള് നിർമ്മിക്കാനുള്ള സാധ്യതയുള്ളതിനാൽ കർശന പരിശോധന നടത്തുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഷാപ്പിൽ കള്ളുവാങ്ങാൻ എത്തുന്നവരും കർശന നിബന്ധനകൾ പാലിക്കണം.കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി വരണം.മാസ്കധരിച്ചിരിക്കണം,സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ല. ഇരുന്ന് മദ്യപിക്കാനും അനുവാദം ഉണ്ടാവില്ല.