തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാൻ തീരുമാനമായി. സാമൂഹ്യ അകലം പാലിച്ച് സർവ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നതെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും സര്‍വ്വീസ് നിടത്താനാകില്ലെന്നും ബസ് ഉടമ സംഘടനകളുടെ പ്രതിനിധികൾ സര്‍ക്കാരിനെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കൂടിയാണ് തീരുമാനമെന്നാണ് വിവരം.
ഒരു സീറ്റില്‍ ഒരാൾ എന്ന രീതിയലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നി ആവശ്യങ്ങളാണ് പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നത്. ബസ് ചാർജ്ജ് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഫയൽ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരുന്നു.
ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴുള്ളത്. ലോക്ക് ഡൗണിൽ പൊതുഗതാഗതത്തിന് ഇളവ് കിട്ടിയാലുടൻ ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ഉത്തരവിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.