toddy-shop

തിരുവനന്തപുരം: സംസ്ഥാനത്ത് കളളുഷാപ്പുകൾ തുറന്നതോടെ കുടിയൻമാർ കൂട്ടത്തോടെ കള്ള് വാങ്ങാൻ ഷാഷുകളിലെത്തി. എന്നാൽ കള്ള് ആവശ്യത്തിന് കിട്ടാത്തതിനാൽ പലർക്കും കിട്ടിയില്ല. ഇതിനെച്ചൊല്ലി പലയിടങ്ങളിലും തർക്കവും വാക്കേറ്റവുമായി. ഷാപ്പുകളിൽ കുപ്പികളുമായി എത്തുന്നവർക്കാണ് കള്ള് നൽകുക. ഷാപ്പിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല. വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിക്കണം. കള്ള് കിട്ടിയില്ലെങ്കിലും ഷാപ്പുകൾ തുറന്നതിന്റ ആഹ്ളാദത്തിലാണ് കുടിയൻമാർ.

എത്രനാളായി കള്ളേ നിന്നെയൊന്ന് കണ്ടിട്ട് കള്ളിനെ നോക്കി ചില കുടിയൻമാർ പറഞ്ഞു. ചിലർ കള്ള് കിട്ടാതെ നൊമ്പരത്തോടെ മടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ കള്ള് കിട്ടുമെന്ന പ്രതീക്ഷ വച്ച് പുലർത്തുകയാണ് അവർ. എന്നാൽ ആവശ്യത്തിന് കള്ളെത്താത്തതിനാൽ പകുതിയോളം ഷാപ്പുകൾ മാത്രമാണ് തുറന്നത്. കള്ളില്ലാത്തതിനാൽ തിരുവനന്തപുരം ജില്ലയിലെ ലൈസൻസ് ലഭിച്ച നാലു ഷാപ്പുകളും ഇന്ന് തുറക്കാൻ ഇടയില്ലെന്നാണ് വിവരം.

കള്ള് ഉത്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയിൽ ആകെയുള്ള 805 കള്ള് ഷാപ്പുകളിൽ 530 ഷാപ്പുകളാണ് തുറന്നത്. ഭൂരിഭാഗം ഷാപ്പുകളിലും കള്ള് ലഭ്യത കുറവാണ്. കൊവിഡ് പ്രതിസന്ധിയിൽ ഷാപ്പ് ലേലം ജില്ലയിൽ നടക്കാത്തതിനാൽ പത്തനംതിട്ട ജില്ലയിൽ കള്ളു ഷാപ്പുകൾ ഒന്നും തുറന്നില്ല.

ആവശ്യത്തിന് കള്ളെത്താത്തതും ലൈസൻസ് പ്രതിസന്ധികളും കാരണം കുട്ടനാട്ടിലും ഭൂരിഭാഗം കള്ളുഷാപ്പുകളും തുറന്നില്ല. 559 ഷാപ്പുകളുള്ള എറണാകുളം ജില്ലയിൽ മുപ്പതോളം ഷാപ്പുകൾ മാത്രമാണ് തുറന്നത്. സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായതോടെ കള്ള്‌ചെത്ത് കേന്ദ്രങ്ങളെല്ലാം സജീവമായെങ്കിലും നാല്പത് ദിവസത്തോളം തുടർച്ചയായി ചെത്തിയാലേ കളളുൽപ്പാദനം പൂർണ്ണ തോതിലെത്തുകയുള്ളൂ വെന്നാണ് ചെത്ത് തൊഴിലാളികൾ പറയുന്നത്.