flights-

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിൽ ലോകത്തിലെ 31 രാജ്യങ്ങളില്‍ നിന്നായി 145 ഫ്‌ളൈറ്റുകളില്‍ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയര്‍ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരന്‍. ഗള്‍ഫിലെ ഓരോ രാജ്യത്തുനിന്നും കേരളത്തിലെ ഒരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്നാണ് താൻ മുന്നോട്ട് വെച്ചിട്ടുളള നിര്‍ദേശം. അങ്ങനെ നോക്കുമ്പോള്‍ ഓരോ വിമാനത്താവളത്തിലും ചുരുങ്ങിയത് ആറ്‌ വിമാനമെങ്കിലും ദിവസവും വരും. അങ്ങനെ ദിവസം തോറും വിമാനം വരികയാണെങ്കില്‍ തിരക്ക് കുറയുമെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിലേക്ക് 36 സര്‍വീസുകളാണ് രണ്ടാം ഘട്ടത്തില്‍ ചാര്‍ട്ട് ചെയ്തിട്ടുളളത്. എന്നാല്‍ കേരളത്തിലേക്കുള്ള വിമാനസര്‍വീസ് വര്‍ദ്ധിപ്പിക്കണം എന്നാണ് കേന്ദ്ര നിലപാടെന്നും മുരളീധരന്‍ വ്യക്തമാക്കി. വിമാനം കുറവായതുകൊണ്ടാണ് ആദ്യത്തെ വിമാനത്തില്‍ കയറാന്‍ വേണ്ടിയുള്ള തിരക്ക് ഉണ്ടാകുന്നത്. ഇന്ന് കിട്ടിയില്ലെങ്കില്‍ നാളെ വരാം എന്ന് ഒരു വിശ്വാസം അവരില്‍ ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത്യാവശ്യക്കാര്‍ക്ക് ആദ്യം കയറി വരാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകും.

അനര്‍ഹരായ ആളുകള്‍ വലിയതോതില്‍ വരുന്നു എന്ന പരാതിയില്‍ തെളിവുകള്‍ കിട്ടായാല്‍ പരിശോധിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എല്ലാവരും നാട്ടിലേക്ക് വരാന്‍ അര്‍ഹതയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു.

വിമാനങ്ങളുടെ ഷെഡ്യൂൾ സൗദി ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു

അടുത്ത ആഴ്ചയിലെ വിമാനങ്ങളുടെ ഷെഡ്യൂൾ സൗദി ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. ഈ മാസം 19 മുതൽ 23 വരെ ആറ് വിമാന സർവീസുകളാണ് പുതുതായി ഏർപ്പെടുത്തിയത്. റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് 19നും കണ്ണൂരിലേക്ക് 20 നും ഹൈദരാബാദ് വഴി വിജയവാഡയിലേക്ക് 23നുമാണ് വിമാനം. ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് 19നും ബംഗളൂർ വഴി ഹൈദരബാദിലേക്ക് 20നും സർവിസുണ്ട്. ജിദ്ദയിൽ നിന്ന് 20ന് വിജയവാഡ വഴി ഹൈദരാബാദിലേക്കാണ് വിമാനം. അടുത്ത ഘട്ടങ്ങളിൽ സൗദിയിൽ നിന്ന് ചെന്നൈ, മുംബയ്, ലക്‌നോ, പാട്ന എന്നിവിടങ്ങളിലേക്കും വിമാന സർവിസ് നടത്തുത്തുമെന്നും എംബസി അറിയിച്ചു.