pandas

ടൊറന്റോ : ആവശ്യത്തിന് മുള ഭക്ഷണമായി നൽകാനില്ലാത്തതിനാൽ രണ്ട് ഭീമൻ പാൻഡകളെ ചൈനയിലേക്ക് മടക്കി അയയ്ക്കാനൊരുങ്ങി കാനഡയിലെ കാൽഗറി മൃഗശാല. സാധാരാണ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന മുളയായിരുന്നു കാൽഗറി മൃഗശാലയിലെ പാൻഡകളുടെ പ്രധാന ആഹാരം. എന്നാൽ കൊവിഡ് 19ന്റെ വരവോടെ വ്യോമഗതാഗതം താറുമാറായതോടെ മുളകളുടെ വരവ് നിലച്ചു. തുടർന്നാണ് പാൻഡകളെ തിരിച്ചു കൊടുക്കാൻ ഒരുങ്ങുന്നതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

ചൈനയുമായുള്ള പത്ത് വർഷ കരാർ പ്രകാരം 2023 വരെയാണ് എർ ഷൂൻ, ഡാ മാവോ എന്നീ പേരുള്ള രണ്ട് പാൻഡകളെ കാനഡയിൽ പാർപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വഷളായതോടെയാണ് മൃഗശാല അധികൃതർ തീരുമാനം മാറ്റിയിരിക്കുന്നത്. ആഹാരം കിട്ടാതെ വരുന്നത് പാൻഡകളുടെ ആരോഗ്യത്തെയും ബാധിക്കും. ദിനംപ്രതി 40 കിലോഗ്രാം മുളയാണ് ഒരു പാൻഡ കഴിക്കുന്നത്. കാൽഗറിയിൽ പാൻഡകൾക്ക് ദിവസവും കഴിക്കാൻ കൊടുക്കുന്ന മുളയുടെ ഭൂരിഭാഗവും വിമാന മാർഗം ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഈ വിമാന സർവീസുകൾ ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. മുളകൾ എത്തിക്കാൻ മറ്റു മാർഗങ്ങൾ നോക്കുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാക്കാനാകുന്നില്ലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കുന്നു.

2014ലാണ് എർ ഷൂൻ, ഡാ മാവോ എന്നീ പാൻഡകൾ കാനഡയിലെത്തുന്നത്. അഞ്ച് വർഷക്കാലം ഇവർ ടൊറന്റോ മൃഗശാലയിലായിരുന്നു. പിന്നീട് ജിയ പാൻപാൻ, ജിയ യൂയൂ എന്നീ കുഞ്ഞുങ്ങളുണ്ടായ ശേഷം 2018 മാർച്ചിൽ നാല് പേരെയും കാൽഗറിയിൽ എത്തിക്കുകയായിരുന്നു. രണ്ട് കുഞ്ഞൻ പാൻഡകളെയും പിന്നീട് ചൈനയ്ക്ക് കൈമാറിയിരുന്നു. ഭൂമിയിൽ കാണപ്പെടുന്ന അപൂർവ ജീവജാലങ്ങളിലൊന്നാണ് ഭീമൻ പാൻഡകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവയെ സംരക്ഷിക്കാനുള്ള പദ്ധതികൾ വിജയം കണ്ട് വരികയാണ്. 2016ഓടു കൂടി വംശനാശത്തിന്റെ വക്കിൽ നിന്നും ഭീമൻ പാൻഡകളെ ഒരുവിധം കരകയറ്റാനായി. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കനുസരിച്ച് ഏകദേശം 1,864 പാൻഡകൾ മാത്രമാണ് ഇപ്പോൾ കാടുകളിൽ ജീവിക്കുന്നത്.