salary-cut-

തിരുവനന്തപുരം: ഇ- ലോഗിൻ ചെയ്യാത്ത സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ശുപാർശ. മെയ് ഒന്നു മുതൽ ഇ-ഓഫീസിൽ ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം പിടിക്കാൻ പൊതുഭരണ സെക്രട്ടറിയാണ് ധനസെക്രട്ടറിക്ക് ശുപാർശ നൽകിയത്.


ലോക്കൗട്ട് നിലവിൽ വന്നതിനെ തുടർന്ന് സെക്രട്ടേറിയേറ്റിലെ ഓഫീസ് പ്രവർത്തനം സർക്കാർ ക്രമീകരിച്ചിരുന്നു. സെക്ഷൻ ഓഫീസർ മുതൽ മുകളിലേക്കുള്ള 50 ശതമാനം ജീവനക്കാരും അതിന് താഴെയുള്ള 33 ശതമാനം ജീവനക്കാരും ഹാജരാകണമെന്നായിരുന്നു നിർദ്ദേശം.തലസ്ഥാന ജില്ലയിലും സമീപ ജില്ലകളിലും സ്വന്തമായി വാഹനമുളളവരെയാണ് പരമാവധി ഉപയോഗിപ്പെടുത്തിയത്. ദിവസവും സെക്രട്ടേറിയറ്റിൽ എത്തി ജോലി ചെയ്യാൻ കഴിയാത്തവരും ഇതിൽ ഉൾപ്പെട്ടിരുന്നു.ഇവരോട് വീട്ടിലിരുന്ന് ഇ- ഫയലിംഗ് വഴി ജോലി ചെയ്യാനായിരുന്നു നിർദ്ദേശം.എല്ലാപ്രവൃത്തി ദിവസങ്ങളിലും 12 മണിക്ക് മുമ്പ് ഇ-ലോഗിൻ ചെയ്യുന്ന ജീവനക്കാരുടെ പട്ടിക അതതത് വകുപ്പുകൾ പൊതുഭരണവകുപ്പിന് നൽകുന്നുണ്ട്. ഇതിൽ നിന്ന് ജോലിക്ക് നിയോഗിച്ച പലരും ഇ-ലോഗിൻ ചെയ്യുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ശമ്പളം പിടിക്കാൻ നിർദ്ദേശം നൽകിയത്.


ഇതിനെതിരെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.അശാസ്ത്രീയമായ തീരുമാനമാണിതെന്നും സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇ- ലോഗിൻ പലപ്പോഴും തടസപ്പെടുന്നുണ്ടെന്നും അവർ പറയുന്നു.