തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാൻ സംസ്ഥാന മന്ത്രിസഭയോഗത്തിൽ തീരുമാനമായി. മദ്യത്തിന് 10% മുതൽ 35 ശതമാനം വരെയാണ് അധിക നികുതി ഏർപ്പെടുത്തിയത്. വില കൂടിയ മദ്യത്തിന് 35% സെസും ബീയറിനും വൈനിനും 10% സെസുമാണ് ഏർപ്പെടുത്തുന്നത്. ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കും. ഇതോടെ വിദേശ മദ്യവില കുത്തനെ ഉയരും. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം കണ്ടെത്താനാണ് സർക്കാർ പ്രത്യേക സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് വേണ്ടി മാത്രമാണ് തീരുമാനമെന്നാണ് വിവരം.
മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽനപനയ്ക്കുള്ള സാധ്യത സർക്കാർ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൌണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൌസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.