pic

തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ മണിക്കൂറുകൾക്കകം രാജ്യതലസ്ഥാനത്ത് നിന്ന് പുറപ്പെടാനിരിക്കെ അവസാന സ്റ്റോപ്പായ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കുള്ള ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലായി. റെയിൽവേ സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കിയ റെയിൽവേ, ട്രെയിൻ എത്തിച്ചേരേണ്ടതുൾപ്പെടെയുള്ള മുഴുവൻ പ്ലാറ്റ് ഫോമുകളും ആർ.പി.എഫിന്റെയും റെയിൽവേ പൊലീസിന്റെയും ബന്തവസിലാക്കി.

ഇന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച പുലർച്ചെ 5.25നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെത്തുക. അന്ന് തന്നെ വൈകുന്നേരം 7.45ന് ഇതേ ട്രെയിൻ ഇവിടെ നിന്ന് ഡൽഹിക്ക് പുറപ്പെടും.യാത്രക്കാരുമായെത്തുന്ന ട്രെയിനിനെ വരവേൽക്കാനും കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രക്കുള്ള തയ്യാറെടുപ്പുകൾക്കും തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി. മറ്റന്നാൾ പുലർച്ചെ എത്തുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരെ സാമൂഹ്യ അകലം പാലിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കി കൊവിഡ് ലക്ഷണമില്ലെന്ന് ഉറപ്പാക്കിയശേഷമാകും പുറത്തേക്ക് വിടുക.

ട്രെയിൻ യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. റെയിൽവേ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തേക്കും ആവശ്യമെങ്കിൽ സർവീസുണ്ടാകും. യാത്രക്കാർക്ക്‌ ഡ്രൈവർമാത്രമുള്ള വാഹനം അനുവദിക്കും. പ്രത്യേക ട്രെയിനിന്‌ സ്‌റ്റോപ്പുള്ള കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഹെൽത്ത്‌ ഡെസ്‌കുകളും ഉണ്ടാകും.ജനമൈത്രി പൊലീസിന്റെ ഹെൽപ്പ് ഡെസ്കും ആരംഭിക്കും.

തിരുവനന്തപുരത്തിനും ന്യൂഡൽഹിക്കും ഇടയിൽ ഏഴു സ്റ്റോപ്പുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമേ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന ട്രെയിൻ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കും. യാത്രക്കാർ യാത്രയ്ക്ക് നാലുമണിക്കൂ‌ർ മുമ്പ് സ്റ്റേഷനുകളിലെത്തണം. ആരോഗ്യനിലയും ടിക്കറ്റും പരിശോധിച്ചശേഷമേ യാത്രക്കാരെ കോച്ചുകളിൽ പ്രവേശിക്കാൻ അനുവദിക്കൂ. ട്രെയിനിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാകാര്യങ്ങളെപ്പറ്റി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബോധവൽക്കരിക്കും. ഐ.ആർ.സി.ടി.സിയിൽ നിന്ന് പണം ഈടാക്കി നിശ്ചിത ഭക്ഷണം യാത്രക്കാർക്കായി നൽകും. ഊണ്, ബിരിയാണി പോലുള്ള ഭക്ഷണസാധനങ്ങളൊന്നും കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മെനുവിലുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു.