തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ആശങ്കാജനകമായി തുടരുന്നതിനിടെ ട്രെയിനുകളിലെ എ.സി കോച്ചുകളിലെ യാത്രയിൽ ആശങ്കവേണ്ടെന്ന് റെയിൽവേ. ന്യൂഡൽഹിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട രാജധാനി എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകളുടെ കാര്യത്തിലാണ് റെയിൽവേയുടെ വിശദീകരണം.
കോച്ചുകളിൽ സാമൂഹ്യ അകലം പാലിച്ചാണ് ഇരിക്കാനും കിടക്കാനുമുള്ള സീറ്റുകളുടെ ക്രമീകരണമെന്ന് വെളിപ്പെടുത്തിയ റെയിൽവേ ശീതീകരിച്ച കോച്ചുകളുടെ പേരിലുള്ള ആശങ്കയും അസ്ഥാനത്താണെന്ന് വ്യക്തമാക്കി. രാജധാനിപോലെ ഫുൾ എ.സി ട്രെയിനുകളിൽ ആർ.എം.പി.യു. ബേസ്ഡ് എയർ കണ്ടീഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. മണിക്കൂറിൽ അഞ്ച് തവണ കോച്ചുകളിലെ വായുവിനെ പൂർണമായും പുറന്തള്ളി ഫ്രഷ് എയർ നിറയ്ക്കാനുളള സംവിധാനമാണ് ഇവയിൽ ഉപയോഗിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കോച്ചിനുള്ളിലെ എയർ മണിക്കൂറിൽ പന്ത്രണ്ട് തവണ പുറന്തള്ളാനും ശുദ്ധമായ പുതിയ വായുവിനെ നിറയ്ക്കാനുമുളള രീതിയിൽ എ.സികളുടെ പ്രവർത്തനം പുനക്രമീകരിച്ചിട്ടുണ്ട്.
അതായത് ഓരോ അഞ്ച് മിനിട്ടിലും കോച്ചിലെ എയർ ഫ്രഷായിക്കൊണ്ടിരിക്കുമെന്നർത്ഥം. ഇതിന് പുറമേ ടോയ്ലറ്റ് , വാഷ് ബേസിൻ എന്നിവിടങ്ങളിൽ കൈകൾ ശുദ്ധമാക്കാൻ സാനിട്ടൈസറും സോപ്പും ലഭ്യമാക്കും. സാമൂഹ്യ അകലമുൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും മറ്റ് സുരക്ഷാ കാര്യങ്ങൾക്കുമായി ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പുറമേ സി.ആർ.പി.എഫ് , സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഇവർക്കും മാസ്ക് ഉൾപ്പെെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാണ്. യാത്രക്കാരുമായി സാമൂഹ്യ അകലം പാലിച്ചാകും ഇവരും ഇടപെടുക.
റെയിൽവേ സ്റ്റേഷനിൽ എസ്.പി മാർക്കാണ് സുരക്ഷാചുമതല. ഇന്റേണൽ സെക്യൂരിറ്റിയുടെയും റെയിൽവേയുടെയും ചുമതലയുള്ള ഡി.ഐ.ജി എ. അക്ബർ ട്രെയിൻ യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കും. എ.ഡി.ജി.പി ഡോ.ഷെയ്ഖ് ദെർബേഷ് സാഹിബ് മേൽനോട്ടം വഹിക്കും.
തിരുവനന്തപുരത്ത് വനിതാ ബറ്റാലിയൻ കമാൻഡന്റ് ഡി ശിൽപ്പ, എറണാകുളത്ത് കെ.എ.പി മൂന്നാം ബറ്റാലിയൻ കമാൻഡന്റ് അരവിന്ദ് സുകുമാർ, കോഴിക്കോട്ട് കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് ആർ.വിശ്വനാഥ് എന്നിവർക്കാണ് ചുമതല. യാത്രക്കാരെ ഒരുമിച്ച് പുറത്തിറങ്ങാൻ അനുവദിക്കില്ല. റെയിൽവേ സ്റ്റേഷനിൽനിന്ന് വീട്ടിലേക്ക് പാസിന് പകരം ട്രെയിൻ ടിക്കറ്റ് ഉപയോഗിക്കാം.