ലക്‌നൗ: കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ കൊവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൊഴിലാളികൾ, കർഷകർ, വ്യവസായികൾ എന്നിവരെ ഈ പാക്കേജ് സഹായിക്കുമെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിൽ ദരിദ്രർ, കർഷകർ, തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ, തെരുവു കച്ചവടക്കാർ, ചെറുകിട സംരംഭകർ, കൂലിവേലക്കാർ എന്നിരെ സഹായിക്കാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ച പ്രധാനമന്ത്രിയോട് ഞങ്ങൾ എല്ലാവരും നന്ദിയുള്ളവരാണ്.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മാത്രമല്ല, ഉത്തർപ്രദേശിലെ വ്യവസായ പദ്ധതിയായ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിക്കും ഈ പാക്കേജ് ഗുണം ചെയ്യും. കൊവിഡ് ബാധയെ തുടർന്ന് വിവിധ സംരംഭങ്ങൾ വളരെയധികം പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു പുതിയ സാമ്പത്തിക ഉന്നമനത്തിന് ഈ പാക്കേജ് സഹായിക്കും. യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിലേക്ക് ഇതുവരെ പത്ത് ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് തിരിച്ചെത്തിയത്. വരും ദിവസങ്ങളിൽ 20 ലക്ഷത്തിലധികം തൊഴിലാളികൾ കൂടി എത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശത്തിന് കീഴിൽ വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.