p-chidambaram

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം രംഗത്തെത്തി. തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പറാണ് മോദിയുടെ പ്രഖ്യാപനമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. കാലിപേപ്പർ ധനമന്ത്രി നിർമലാ സീതാരാമൻ എങ്ങനെയാണ് പൂരിപ്പിക്കുന്നതെന്നാണ് താൻ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയിലേക്ക് സർക്കാർഇറക്കുന്ന അധിക പണം സൂക്ഷ്മമായി വിലയിരുത്തും. ആർക്കാണ് ഗുണം ലഭിക്കുന്നതെന്ന് പരിശോധിക്കും. പാവങ്ങൾക്കും പട്ടിണിക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും ഗുണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും- ചിദംബരം പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി ഇന്നലെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ജിഡിപിയുടെ 10 ശതമാനമാണ് പാക്കേജ് വിഹിതം. പാക്കേജിന്റെ വിശദാംശങ്ങൾ ഇന്ന് നാല് മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തിന് ശേഷം മൂന്നാമത്തെ പാക്കേജാണ് പ്രഖ്യാപിക്കുന്നത്.