salary-cut

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം നേരിട്ട് ഓഫീസിൽ എത്താനായില്ലെങ്കിൽ ഓൺലൈനായെങ്കിലും ജോലി ചെയ്യാത്തവരുടെ ശമ്പളം പിടിക്കണമെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സർക്കാരിന് ശുപാർശ നൽകി. ധനവകുപ്പ് ഇതംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി മുഖ്യമന്ത്രിയും അംഗീകരിച്ചാൽ അത്തരക്കാരുടെ ശമ്പളം കുറയ്ക്കും.ഇ-ഓഫീസിൽ ലോഗിൻ ചെയ്യാത്തവർ ജോലിക്ക് ഹാജരായില്ലെന്ന് കണക്കാക്കി മേയ് മുതലുള്ള ശമ്പളത്തിൽ കുറവ് വരുത്താനാണ് ശുപാർശ.ഗ്രൂപ്പ് എ & ബി വിഭാഗത്തിലെ 50 ശതമാനവും സി & ഡി വിഭാഗത്തിലെ 33 ശതമാനവും ഉദ്യോഗസ്ഥർ ഓഫീസുകളിൽ ഹാജരാകണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം സെക്ഷൻ ഓഫീസർമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർ മാത്രം ഓഫീസുകളിലെത്തിയാൽ മതി.അവരെയാണിത് നേരിട്ട് ബാധിക്കുക.

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി പിടിക്കാൻ തീരുമാനിച്ചതിന് പിന്നാലെയുള്ള പൊതുഭരണ വകുപ്പിന്റെ പുതിയ ശുപാർശ ജീവനക്കാരുടെ സംഘടനകളിൽ അമർഷത്തിനിടയാക്കി. അസിസ്റ്റന്റുമാർ മുതൽ താഴോട്ടുള്ള ജീവനക്കാർക്ക് ഇ ഓഫീസ് ലോഗിൻ ഇല്ലാത്തതിനാൽ ഇവരെങ്ങനെ ലോഗിൻ ചെയ്യുമെന്നാണ് ചോദ്യം. ജീവനക്കാരിൽ 25 ശതമാനം പേർ മാത്രമാണ് വീടുകളിൽ വി.പി.എൻ സൗകര്യം ഉപയോഗിക്കുന്നത്. ഇ ഓഫീസിൽ വെറുതെ ലോഗിൻ ചെയ്ത ശേഷം പുറത്തിറങ്ങിയാൽ ആ ദിവസം ജോലി ചെയ്തതായി കണക്കാക്കാമെന്നുമാണ് ശുപാർശയിൽ പറയുന്നത്. ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യതയും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.