ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതത്തിൽ ഇളവു വരുത്തിയ ദുബായിൽ ട്രാം ഓടിതുടങ്ങി. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7 മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 10 നും രാത്രി 11 നും ഇടയിൽ പ്രവർത്തിക്കും. ദുബായ് ഫെറി, വാട്ടർ ടാക്സി, അബ്ര എന്നിവയും ഗതാഗതം പുനരാരംഭിച്ചു. കർശന സുരക്ഷാ നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
ദുബായിൽ പൊതുഇടങ്ങളിലെ പാർക്കുകൾ നിബന്ധനകളോടെ വ്യാഴാഴ്ച തുറക്കും. അഞ്ചിൽ താഴെ ആളുകൾ മാത്രമേ കൂട്ടംകൂടി ഇരിക്കാൻ പാടുള്ളൂ. വ്യായാമത്തിനും മറ്റ് പരിശീലന കാര്യങ്ങൾക്കും പൊതു ഇടങ്ങളിൽ ഒരേ സമയം അഞ്ചു പേരെ അനുവദിക്കും. സൈക്ലിങ്ങ്, വാട്ടർ സ്‌പോർട്സ്, സ്‌കൈ ഡൈവിങ്ങ് എന്നിവയ്ക്കും ഇതേ ഉപാധി ബാധകമാണ്.
മാളുകളിൽ നിന്ന് സാധനങ്ങൾ മാറ്റി വാങ്ങുന്നതിനും വസ്ത്രം പാകമാണോയെന്ന് ധരിച്ചു നോക്കാനും അനുമതി നൽകിയിട്ടുണ്ട്. നേരത്തേ ഇതിനൊന്നും അനുമതി ഉണ്ടായിരുന്നില്ല. കർശന സുരക്ഷാ മുൻകരുതൽ എടുത്ത ശേഷമേ ഉപഭോക്താക്കൾക്ക് കടയുടമകൾ ഇതിന് അനുമതി നൽകാൻ പാടുള്ളൂ എന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.