yellowstone

ന്യൂയോർക്ക്: അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലേക്ക് അനുവാദമില്ലാതെ കടന്ന സ്ത്രീയ്ക്ക് ചൂട് നീരുറവയിൽ വീണ് പെള്ളലേറ്റു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രശസ്തമായ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് മാർച്ച് 24 മുതൽ അടഞ്ഞു കിടക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഒരു സ്ത്രീ നിയന്ത്രണങ്ങൾ ലംഘിച്ച് പാർക്കിനുള്ളിൽ കടന്നു കൂടിയത്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.

പാർക്കിനുള്ളിൽ ലോകത്തെ ഏറ്റവും പ്രശസ്തമായ ഉഷ്ണജല സ്രോതസായ ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സറിന്റെ ചിത്രങ്ങൾ പകർത്തവെയാണ് സ്ത്രീ കാൽ വഴുതി മറ്റൊരു ചൂടു നീരുറവയിലേക്ക് വീണത്. തിളച്ച് മറിയുന്ന നീരുറവകളിലേക്ക് വീഴുകയാണെങ്കിൽ മാരകമായി പൊള്ളലേൽക്കാം. ചിലപ്പോൾ മരണത്തിന് വരെ ഇത് കാരണമായേക്കാം. യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് തന്നെ ഈ ചൂടുനീരുറവകളിൽ വീണാണ്.

സംഭവ ശേഷം പരിക്കുകളുമായി പാർക്കിന് പുറത്തെത്തിയ സ്ത്രീ തന്റെ കാറിൽ 50 മൈൽ ദൂരം സഞ്ചരിച്ചിരുന്നു. അപ്പോഴേക്കും പാർക്ക് റേഞ്ചർമാർ ഇവരെ പിടികൂടി. പൊള്ളലേറ്റ ഇവരെ അധികൃതർ ഈസ്റ്റേൺ ഐഡഹോ റീജിയണൽ മെഡിക്കൽ സെന്ററിലേക്ക് ആകാശമാർഗം എത്തിക്കുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേ സമയം, ഇവർ ഏത് നീരുറവയിലേക്കാണ് വീണതെന്ന് അധികൃതർക്ക് കൃത്യമായി മനസിലാക്കാനായിട്ടില്ല.

ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സർ 90 മിനിറ്റുകൾ കൂടും തോറും പൊട്ടിത്തെറിക്കാറുണ്ട്. ശരാശരി 169.7 ഡിഗ്രീ ഫാരൻഹീറ്റാണ് ഇവിടുത്തെ ജലത്തിന്റെ താപനില. ചൂട് നിരുറവകളും ഉഷ്ണജല സ്രോതസുകളിൽ നിന്നുയരുന്ന ചൂട് നീരാവിയും നിറഞ്ഞ പ്രദേശമായതിനാൽ യെല്ലോ സ്റ്റോണിലെത്തുന്ന സഞ്ചാരികൾ പ്രത്യേകമൊരുക്കിയ പാതകളിലൂടെ തന്നെ നീങ്ങണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്. അധികൃതരുടെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ സഞ്ചരിച്ച നിരവധി പേർക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്ത ചരിത്രം യെല്ലോസ്റ്റോണിലുണ്ട്.

കഴിഞ്ഞ വർഷം ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സറിന് സമീപം രാത്രി മുന്നറിയിപ്പ് ലംഘിച്ചിറങ്ങിയ ഒരാൾക്ക് മുമ്പ് ചൂട്നീരുറവയിൽ വീണ് സമാന രീതിയിൽ ഗുരുതര പൊള്ളലേറ്റിരുന്നു. 2016ൽ യെല്ലോസ്റ്റോണിൽ അസിഡിക് സ്വഭാവമുള്ള ഉഷ്ണജല പ്രവാഹത്തിലേക്ക് പതിച്ച് 23കാരൻ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹാവശിഷ്ടങ്ങൾ പോലും ഇതേവരെ കണ്ടെത്തിയിട്ടില്ല. തൊട്ടടുത്ത വർഷം മറ്റൊരാൾക്കും ചൂട് നീരുറവയിൽ വീണ് പൊള്ളലേറ്റിരുന്നു. 3,500 ചതുരശ്ര മൈൽ വ്യാപിച്ചു കിടക്കുന്ന യെല്ലോ സ്റ്റോൺ ഐഡഹോ, മൊണ്ടാന, വയോമിംഗ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുകയാണ്.