തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ വേളികായലിലെ കെ.ടി.ഡി.സിയുടെ ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് കായലിൽ താഴ്ന്നു. ഒരു നില പൂർണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. ഓഖി ചുഴലിക്കാറ്റിൽ തകർന്ന് പ്രവർത്തനം നിലച്ച റെസ്റ്റോറന്റ് 70 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിട്ട് ആറുമാസം മാത്രമേ ആയുള്ളൂ. നിർമാണത്തിലെ അപാകതയാണ് മുങ്ങാൻ കാരണമെന്നാണ് ആക്ഷേപം. എന്നാൽ ഇക്കാര്യം കമ്പനി നിഷേധിച്ചു. വിഷയത്തിൽ മന്ത്രിയോ കെ.ടി.ഡി.സിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വേളിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു ഈ റെസ്റ്റോറന്റ്. ഒരേ സമയം 74 പേർക്കു ഭക്ഷണം കഴിക്കാൻ സൗകര്യമുള്ളതാണ് റെസ്റ്റോറന്റ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നടപ്പാതയിലൂടെയാണ് പ്രവേശനം. 3075 ചതുരശ്ര അടി വിസ്‌തീർണമുള്ളതാണ് താഴത്തെ നില.675 ചതുരശ്ര അടി വിസ്‌തീർണമുള്ളതാണ് മുകൾനില.