തിരുവനന്തപുരം: ലോക്ക് ഡൗണിൽ ആളും ആരവങ്ങളും ഒഴിഞ്ഞത് മുതൽ നഗരത്തിലെ വീഥികൾ കൈയടക്കി തെരുവ് നായ്‌ക്കൾ. നഗരസഭ വന്ധ്യംകരണത്തിലൂടെയും മറ്രും നിയന്ത്രിച്ചിരുന്ന നായ്ക്കളുടെ എണ്ണം ലോക്ക് ഡൗൺ തുടങ്ങിയതോടെ ക്രമാതീതമായി വർദ്ധിച്ചു. ലോക്ക് ഡൗണിൽ ഹോട്ടലുകളും ഇറച്ചിക്കടകളും അടച്ചതോടെ ഭക്ഷണം നഷ്ടപ്പെട്ട നായ്‌ക്കൾ വിഹാര കേന്ദ്രങ്ങൾ ഉപേക്ഷിച്ച് നഗരത്തിലെ ആഹാരം ലഭിക്കുന്നിടത്തേക്ക് ചേക്കേറി. സർക്കാർ നിർദ്ദേശമനുസരിച്ച് നഗരസഭയുടെ വെറ്ററിനറി സ്‌ക്വാഡ് തെരുവ് നായ്‌ക്കൾക്ക് ആഹാരമെത്തിക്കാൻ തുടങ്ങിയതോടെ നായ്‌ക്കൾ ആഹാരം ലഭിക്കുന്ന സ്ഥലത്തുതന്നെ കൂട്ടമായി തമ്പടിക്കാൻ തുടങ്ങി. പുറമേ നിന്നും നഗരാതിർത്തിയിൽ നിന്നും നിരവധി നായ്‌ക്കളാണ് ഇത്തരത്തിൽ നഗരമദ്ധ്യത്തിലേക്ക് ചേക്കേറിയത്. സന്നദ്ധ സംഘടനകളും വ്യക്തികളും നഗരത്തിലെ പലയിടങ്ങളിലായി നായ്‌ക്കൾക്ക് ഭക്ഷണം നൽകുന്നുണ്ട്.
വന്ധ്യംകരണം പാളി
-------------------------------------------------
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നഗരത്തിലെത്തിയ നായ്ക്കളെ നഗരസഭയ്ക്ക് വന്ധ്യംകരണം നടത്താൻ കഴിയുന്നില്ല. നിയന്ത്രണങ്ങൾ നീണ്ടാൽ പ്രജനനത്തിലൂടെയും മറ്രും എണ്ണം ഇനിയും വർദ്ധിക്കുമെന്ന ആശങ്കയും നഗരസഭയ്ക്കുണ്ട്. പല പ്രദേശങ്ങളിൽ നിന്നായി ആളുകൾ വാഹനത്തിലെത്തിച്ച് നഗരത്തിൽ ഉപേക്ഷിക്കുന്നവയും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എണ്ണം നിയന്ത്രിക്കാനായി വന്ധ്യംകരണം മാത്രമാണ് പോംവഴി. വന്ധ്യംകരണം നടത്തിയ ശേഷം നായയുടെ ചെവിയിൽ തിരിച്ചറിയൽ അടയാളമിട്ട് എവിടെ നിന്ന് പിടിച്ചോ അവിടെ വിടുകയാണ് പൊതുവായ രീതി.
തെരുവ് നായ്‌ക്കളുടെ കേന്ദ്രം
-------------------------------------------------
മാനവീയം വീഥി, പബ്ളിക് ലൈബ്രറിക്ക് മുൻവശം, ചാല, എരുമക്കുഴി, പാളയം, പ്രസ് ക്ളബ് റോഡ്, നന്ദൻകോട് എന്നിവിടങ്ങളിലാണ് നിലവിൽ തെരുവ് നായ്‌ക്കളുടെ സ്ഥിരം വിഹാരകേന്ദ്രം. പകൽ പലയിടങ്ങളിലായി അലഞ്ഞ് നടക്കുന്ന ഇവർ രാത്രിയിൽ ഒരുമിച്ച് വലിയൊരു സംഘമായിട്ടാണ് സഞ്ചരിക്കുന്നത്. യാത്രക്കാരെയോ മറ്റുള്ളവരെയോ നായ്‌ക്കൾ ഉപദ്രവിച്ചതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പ്രതികരണം
-----------------------------------
" നായ്‌ക്കളുടെ എണ്ണം വർദ്ധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ നഗരസഭ കൃത്യമായി നടപ്പാക്കിയതാണ്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ മറ്റ് പ്രദേശങ്ങളിൽ നിന്ന് നായ്‌ക്കൾ നഗരത്തിലെത്തി. നിലവിലെ സാഹചര്യത്തിൽ വന്ധ്യംകരണം ചെയ്യുക എന്നത് പ്രാവർത്തികമല്ല. ലോക്ക് ഡൗൺ കഴിയുന്നതോടെ ഇതിന് പരിഹാരം കാണും.
ഐ.പി. ബിനു, ആരോഗ്യവികസന
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.